പണം ബാങ്ക് ട്രാൻസ്ഫർ ചെയ്ത സ്ലിപ്പ് കാണിച്ചു…കവർന്നത്1.80 ലക്ഷം രൂപയുടെ ആറ് ഫോണുകൾ…

നെയ്യാറ്റിന്‍കരയില്‍ പണം ബാങ്ക് വഴി ട്രാന്‍സ്ഫര്‍ നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആറ് മൊബെല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. മലപ്പുറം സ്വദേശി ഇജാസ് അഹമ്മദ് ആണ് അറസ്റ്റിലായത്. തമ്പാനൂരിൽ സമാനമായ രീതിയിൽ മറ്റൊരു മോഷണം നടത്തുന്നതിനിടെയാണ് പ്രതിയെ പൊലീസ് കയ്യോടെ പിടികൂടിയത്.

ഒരു മണിക്കൂറിനുള്ളിലാണ് അതിവിദഗ്ധമായി 1.80 ലക്ഷം രൂപക്കുള്ള ആറ് ഫോണുകള്‍ പ്രതി തട്ടിയെടുത്തത്. നെയ്യാറ്റിന്‍കരയില്‍ പുതുതായി ആരംഭിക്കുന്ന സ്വകാര്യ തുണിവ്യപാര കമ്പനിയിയുടെ മാനേജരാണെന്ന് പരിചയപ്പെടുത്തിയെത്തിയ പ്രതി ഒരേ തരത്തിലുളള ആറ് ഫോണുകളുടെ രണ്ട് മോഡലുകള്‍ 1.80 ലക്ഷം രൂപക്ക് വാങ്ങുകയായിരുന്നു.

ബിൽ നൽകിയ ഉടൻ പണം എച്ച്ഡിഎഫ്‍സി ബാങ്കിൽ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പറഞ്ഞ് പ്രതി മടങ്ങുകയായിരുന്നു. പിന്നീട് എത്തി പണം ട്രാന്‍സ്ഫര്‍ ചെയ്ത സ്ലിപ്പുമായി എത്തി മൊബൈലുമായി പോവുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് മനസിലാക്കി കട ഉടമ ബാങ്കിലെത്തി പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മനസിലായത്.

തുടര്‍ന്ന് കടയുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയിൽ തമ്പാനൂരിലെ കടയിൽ മോഷണത്തിന് ശ്രമം നടക്കുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ 15 ലധികം കേസുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button