ചക്രത്തിനടിയിൽ നാരങ്ങവെച്ച് മുന്നോട്ടെടുത്തു.. പുതിയ ഥാർ ഒന്നാംനിലയിൽനിന്ന് തലകീഴായി താഴേക്ക്..
പുതിയ വാഹനം വാങ്ങിയശേഷം പൂജ നടത്തുന്നതും നാരങ്ങയുടെ മേൽ കയറ്റിയിറക്കുന്നതുമൊക്കെ പലരുടെയും പതിവാണ്. വിശ്വാസത്തിൻറെ ഭാഗമായി നടത്തിയ ഇത്തരമൊരു നീക്കം വൻ ദുരന്തമായി മാറിയതിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഡൽഹിയിലെ നിർമ്മാൺ വിഹാറിലെ മഹീന്ദ്ര ഷോറൂം. പുതിയ മഹീന്ദ്ര ഥാർ പുറത്തിറക്കുന്നതിന് മുൻപായി നാരങ്ങയ്ക്കുമേൽ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെ വാഹനം ഷോറൂമിൻറെ ഒന്നാംനിലയിൽനിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.
മാനി പവാർ എന്ന യുവതിക്കാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാർ ഏറ്റുവാങ്ങാനാണ് മഹീന്ദ്ര ഷോറൂമിൽ എത്തിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്പ് പൂജയും ചടങ്ങുകളും നടത്താൻ അവർ തീരുമാനിച്ചു. ഥാർ റോഡിലിറക്കുന്നതിന് മുൻപായി ചക്രത്തിനടിയിൽ നാരങ്ങ വെച്ച് വാഹനം സ്റ്റാർട്ട് ചെയ്തു. സാവധാനം വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ടു കുതിച്ചു. ഷോറൂമിന്റെ ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് വാഹനം താഴേക്ക് പതിക്കുകയും ചെയ്തു.