പുതിയ ആദായ നികുതി ബിൽ നാളെ പാർലമെൻ്റിൽ…

പുതിയ ആദായ നികുതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. 1961 മുതൽ നിലവിലുള്ള നിയമത്തിൽ സമൂലമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ നിയമമെന്നാണ് വിവരം. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാർക്ക് വിതരണം ചെയ്തു. 2026 ഏപ്രിൽ ഒന്ന് മുതലേ ബിൽ പാസായാൽ പുതിയ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ.

നികുതിദായകർക്ക് നികുതി വ്യവസ്ഥകൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സെക്ഷൻ പുനഃക്രമീകരിക്കുക എന്നതാണ് പുതിയ നികുതി നിയമത്തിന്റെ ഒരു പ്രധാന സവിശേഷത. ഉദ്യോഗസ്ഥ ഇടപെടലിലൂടെയുള്ള കാലതാമസം അടക്കം ഒഴിവാക്കി വേഗത്തിൽ പരാതി പരിഹാരം സാധ്യമാക്കുന്നതിനടക്കം മാറ്റങ്ങൾ പുതിയ നിയമത്തിലുണ്ട്.

വിദേശ ഇടപാടുകൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും കർശനമായ നിയന്ത്രണങ്ങൾക്കൊപ്പം ജനറൽ ആന്റി-അവോയ്ഡൻസ് റൂൾ (GAAR) പുതിയ നിയമത്തിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബില്ലിൽ പഴയ നികുതി വ്യവസ്ഥയെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ഔദ്യോഗിക നികുതി വ്യവസ്ഥയായി പുതിയ നികുതി വ്യവസ്ഥ മാറും. എങ്കിലും പഴയ നികുതി വ്യവസ്ഥ തുടരും.

Related Articles

Back to top button