സ്വർത്ഥ ലാഭത്തിന് വേണ്ടി സമുദായത്തെ അടിയറ വെച്ചു, സുകുമാരൻ നായർക്കെതിരെ വീണ്ടും ഫ്ലക്സ്ബോർഡ്

ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർക്കെതിരെ വീണ്ടും ഫ്ലക്സ്ബോർഡ്. നെയ്യാറ്റിൻകര താലൂക്കിലെ കോട്ടയ്ക്കൽ എൻ എസ് എസ് കരയോഗം ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കമ്യൂണിസ്റ്റ് സർക്കാരിന് മുന്നിൽ സ്വർത്ഥ ലാഭത്തിന് വേണ്ടി സമുദായത്തെ സുകുമാരൻ നായർ അടിയറവെച്ചുവെന്നാണ് പോസ്റ്ററിൽ പറയുന്നത്.

ശബരിമല വിശ്വാസപ്രശ്നത്തിൽ ഇടത് സർക്കാറിനെ വിശ്വാസമാണെന്ന ജി സുകുമാരൻനായരുടെ നിലപാട് പ്രഖ്യാപനം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. സംഘടനയുടെ പേരിൽ പലസ്ഥലത്തും ജനറൽ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സമുദായത്തെ ഒറ്റിയ കട്ടപ്പയെന്നതടക്കമാണ് പലയിടത്തും ഉയർന്ന പോസ്റ്ററുകൾ . വിശ്വാസ പ്രശ്നത്തിലെ ഇടത് ചായ് വ് സുകുമാരൻ നായർ ആവർത്തിക്കുകയാണ്. ശബരിമല പ്രക്ഷോഭ കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്നാണ് വിശദീകരണം.

അതേ സമയം സംഘടനയുടെ രാഷ്ട്രീയ നിലപാട് സമദൂരം തന്നെയായിരിക്കുമെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. പലയിടത്തും അംഗങ്ങൾ രാജിക്കത്ത് നൽകുമ്പോൾ പ്രതിനിധി സഭയുടെ പിന്തുണ സുകുമാരൻ നായർക്ക് നേട്ടമായി. അതേ സമയം വിശ്വാസപ്രശ്നത്തിൽ ഇടത് ചായ് വിൽ കോൺഗ്രസിൽ പല അഭിപ്രായമുണ്ട്. അനുനയം വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ എൻഎസ്എസ് അവരുടെ നിലപാട് എടുക്കട്ടെ പാർട്ടി പാർട്ടിയുടെ നിലപാടുമായി പോകട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ സമീപനം.

Related Articles

Back to top button