ബി.ജെ.പി പിന്തുണയോടെ പാർട്ടി.. കർദിനാളും മാർ മാത്യു അറക്കലും വിട്ടുനിന്നു…
ബി.ജെ.പി പിന്തുണയോടെ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വിളിച്ചുചേർത്ത കർഷകസംഗമത്തിൽനിന്ന് വിട്ടുനിന്ന് കത്തോലിക്ക ബിഷപ്പുമാർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറക്കലുമാണ് വിട്ടുനിന്നത്. ബി.ജെ.പി പിന്തുണയോടെയാണ് പാർട്ടി രൂപവത്കരിക്കുന്നത് എന്ന് വാർത്ത പുറത്തുവന്നതോടെയാണ് ഇരുവരും അവസാന നിമിഷം പിൻമാറിയത്.
കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന കർഷക സംഘടനയുടെ സമ്പൂർണ പ്രതിനിധി സമ്മേളനമാണ് കേരള അവകാശ സംരക്ഷണ സംഗമം എന്ന പേരിൽ കേരള കോൺഗ്രസിന്റെ മുൻ ചെയർമാനും കോൺഗ്രസിന്റെ മുൻ എം.എൽ.എ യുമായ ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്തത്. കർദിനാൾ ആയിരുന്നു ഉദ്ഘാടകൻ. മാർ മാത്യു അറക്കൽ അനുഗ്രഹപ്രഭാഷകനും. ഇവർക്ക് വേദിയിൽ ഇരിപ്പിടങ്ങൾ ഒഴിച്ചിടുകയും ചെയ്തിരുന്നു. എന്നാൽ ഇരുവർക്കും എത്താൻ കഴിയില്ലെന്ന് സ്വാഗതപ്രസംഗകനായ മുൻ എം.എൽ.എ പി.എം. മാത്യു സദസിനെ അറിയിക്കുകയായിരുന്നു. ‘ചില കേന്ദ്രങ്ങളിൽനിന്ന് തെറ്റായ വാർത്തകൾ പ്രചരിച്ചതിനാൽ വരാൻ താൽക്കാലികമായി ബുദ്ധിമുട്ടുണ്ട്’ എന്നാണ് കർദിനാൾ രാവിലെ അറിയിച്ചതെന്ന് പി.എം. മാത്യു വ്യക്തമാക്കി.മാത്യു അറക്കലിന് സഹപാഠിയായ വൈദികന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കേണ്ടതിനാലാണ് വരാൻ കഴിയാതിരുന്നത്.