ഗ്രഹങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു അതിഥി കൂടി.. സൗരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹം വളർന്നുവരുന്നു…
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ഗ്രഹം വളർന്നുവരുന്നതായി കണ്ടെത്തി. അരിസോണ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നിൽ. പൊടിപടലങ്ങളും വാതകങ്ങളും നിറഞ്ഞ, മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വലയത്തിനുള്ളിലാണ് ഈ കുഞ്ഞൻ ഗ്രഹം WISPIT 2b കണ്ടെത്തിയിരിക്കുന്നത്.
അരിസോണ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരായ ലയേർഡ് ക്ലോസ്, റിക്കെൽ വാൻ കാപ്പെലീവീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് WISPIT 2b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിൻ്റെ കണ്ടുപിടിത്തത്തിന് പിന്നിൽ. ചിലിയിലെ MagAO-X എന്ന അത്യാധുനിക അഡാപ്റ്റീവ് ഒപ്റ്റിക്സ് സംവിധാനം ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. അരിസോണ ഹോറൈസൺ എന്ന ഷോയിൽ ലയേർഡ് ക്ലോസ് പുതിയ ഗ്രഹത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചു.
പ്രായം കുറഞ്ഞ നക്ഷത്രങ്ങൾക്ക് ചുറ്റിലുമുള്ള പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും ഡിസ്കുകളിൽ ഡസൻ കണക്കിന് ഗ്രഹങ്ങൾ രൂപം കൊള്ളുന്നത് ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇരുണ്ട വലയങ്ങൾ പോലെ കാണപ്പെടുന്ന ഇത്തരം വിടവുകളിൽ ഒരു ഗ്രഹം വളരുന്നത് ആദ്യമായാണ് കണ്ടെത്തുന്നത്. ഇത് ഈ കണ്ടുപിടിത്തത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു.