അംഗന്‍വാടി പുതിയ കെട്ടിടം ഒരേ ദിവസം ഉദ്ഘാടനം ചെയ്തത് മൂന്ന് തവണ

ഒരേ ദിവസം മൂന്ന് പേരാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട് നാട്ടിലാകെ വാര്‍ത്തയായിരിക്കുകയാണ് ഒരു അങ്കണവാടി കെട്ടിടം. കോഴിക്കോട് മുക്കത്തെ നോര്‍ത്ത് കാരശ്ശേരിയിലെ കമ്പളവന്‍ ഉമ്മാച്ച മെമ്മോറിയില്‍ അങ്കണവാടിയാണ് അപൂര്‍വ ചടങ്ങിന് സാക്ഷ്യം വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഭാരവാഹികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഈ ഉദ്ഘാടന മാമാങ്കത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്
യുഡിഎഫ് നേതൃത്വത്തിലുള്ള കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചത്. എന്നാല്‍ ഇദ്ദേഹം വരില്ലെന്ന പ്രചാരണം ഉയര്‍ന്നതിന് പിന്നാലെ പഞ്ചായത്ത് മുന്‍ പ്രസിഡന്റും 17ാം വാര്‍ഡ് അംഗവുമായ വി പി സ്മിത നാടമുറിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്നാല്‍ ഈ പ്രവര്‍ത്തിയില്‍ നീരസമുണ്ടായതിനെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര ഫലകം പ്രാകാശനം ചെയ്ത് രണ്ടാമത്തെ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു.
നാട മുറിച്ചും ഫലകം നീക്കിയും രണ്ട് ജനപ്രതിനിധികള്‍ ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെ യഥാര്‍ത്ഥ ഉദ്ഘാടകന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി. ഒടുവില്‍ ഇദ്ദേഹവും അങ്കണവാടി ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു



