‘പ്രാര്‍ഥിക്കാറുണ്ടോ എന്ന് ചോദ്യം… ദൈവങ്ങള്‍ തന്നെ കാണുമ്പോൾ തിരിഞ്ഞു നില്‍ക്കുകയാണെന്ന് ചെന്താമരയുടെ മറുപടി’….
ദൈവങ്ങള്‍ തന്നെ കാണുമ്പോൾ തിരിഞ്ഞു നില്‍ക്കുകയാണെന്ന് ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. അന്ധവിശ്വാസത്തിന് അടിമപ്പെട്ടയാളാണെന്ന അയല്‍വാസികളുടെ പരാമർശം കണക്കിലെടുത്ത് ദൈവത്തോട് പ്രാർഥിക്കാറുണ്ടോ എന്ന് പോലീസ് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.
കള്ളവും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അർധസത്യങ്ങളും മൊഴിയിലുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
താനുമായി ബന്ധപ്പെട്ടവരെ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാൻ മൊഴിനല്‍കുമ്പോൾ ഇയാള്‍ ശ്രദ്ധചെലുത്തുന്നുണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം താമസിച്ച സ്ഥലങ്ങള്‍, ജോലിചെയ്ത ഇടങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യത്തിന് ‘അവരെയൊന്നും ഇതിലേക്ക് വലിച്ചിഴക്കേണ്ട, എല്ലാം ഞാൻ ഒറ്റയ്ക്കാണ് ചെയ്തത്, എന്നെ എത്രയും വേഗം ശിക്ഷിക്കുക’ എന്നായിരുന്നു മറുപടി.
ഇയാള്‍ ജാമ്യത്തിലിറങ്ങിയശേഷം താമസിച്ചതും ജോലിചെയ്തതുമായ സ്ഥലങ്ങള്‍, ബന്ധപ്പെട്ട വ്യക്തികള്‍, ഫോണ്‍കോളുകള്‍, പ്രതിക്കെതിരേയുള്ള പ്രദേശവാസികളുടെ പരാമർശങ്ങള്‍, പ്രതിയുടെ മൊഴികളുടെ വിശദാംശങ്ങള്‍, എലവഞ്ചേരിയില്‍നിന്ന് കൊടുവാളും കീടനാശിനിയും വാങ്ങിയ കടകള്‍ എന്നിവ സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. മൃതദേഹങ്ങളില്‍നിന്നും ചെന്താമരയുടെ വീട്ടില്‍നിന്നും ഫോറൻസിക് വിദഗ്ധർ ശേഖരിച്ച സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊന്ന കേസില്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ചെന്താമരയെ ആലത്തൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. 2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസില്‍ വിയ്യൂർ ജയിലില്‍ വിചാരണത്തടവുകാരനായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് ഇരട്ടക്കൊലപാതകം ചെയ്തത്.
തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും
ചെന്താമരയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ ആലത്തൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച പോലീസ് അപേക്ഷ നല്‍കും. ചൊവ്വാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഈ സമയം ക്രമസമാധാനപ്രശ്നവും പ്രദേശവാസികളുടെ രോഷപ്രകടനവും ഉണ്ടാകുമെന്ന ആശങ്കയുള്ളതിനാല്‍ 500 പോലീസുകാരെ പോത്തുണ്ടി പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.