‘നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ എനിക്ക് കഴിയില്ല, അമ്മേ… അച്ഛാ… ദയവായി എന്നോട് ക്ഷമിക്കൂ’..

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിലായിരുന്നു സംഭവം. 21കാരനായ മുഹമ്മദ് ആൻ ആണ് മരിച്ചത്. രാംപൂർ നിവാസിയായ മുഹമ്മദ് ആൻ റാവത്പൂരിലെ ഹോസ്റ്റൽ മുറിയിലാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്ക് പോയ സുഹൃത്തുക്കൾ മുറിയിൽ തിരിച്ച് എത്തിയപ്പോളാണ് സംഭവം കണ്ടത്.

കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. നാല് ദിവസം മുമ്പാണ് മുഹമ്മദ് ആൻ ഹോസ്റ്റലിലേക്ക് താമസം മാറിയത്. റൂംമേറ്റായ ഇംദാദ് ഹസൻ വിളിച്ചെങ്കിലും മുഹമ്മദ് ആൻ പോയില്ല. പ്രാർത്ഥന കഴിഞ്ഞ് ഇംദാദ് തിരിച്ചെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഏറെനേരം വാതിലിൽ തട്ടി വിളിച്ചിട്ടും മുഹമ്മദിന്റെ ശബ്‌ദമൊന്നും കേൾക്കാതായതോടെ ഇംദാദ് പൊലീസിനെ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മുഹമ്മദിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു.

“അമ്മേ, അച്ഛാ, ദയവായി എന്നോട് ക്ഷമിക്കൂ. എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല, ഞാൻ വളരെ സമ്മർദ്ദത്തിലാണ്, ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ എനിക്ക് കഴിയില്ല, ഞാൻ എന്റെ ജീവൻ എടുക്കുകയാണ്, ഇതിന് ഉത്തരവാദി ഞാൻ മാത്രമാണ്,” എന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിദ്യാർത്ഥിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Back to top button