മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു തുടങ്ങി.. നിലവിൽ പൂ വിരിഞ്ഞത് മൂന്ന് സ്ഥലങ്ങളിൽ..

വിനോദസഞ്ചാരികളുടെ ഫേവറിറ്റ് ഡെസ്റ്റിനേഷനായ മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നീ സ്ഥലങ്ങളിലാണ് പൂക്കൾ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. വലിയ രീതിയിൽ പൂക്കൾ പൂത്തു തുടങ്ങിയിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നീല നിറത്തിലുള്ള പൂക്കൾ സന്ദർശകരുടെ ശ്രദ്ധയിൽപ്പെട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ നീലക്കുറിഞ്ഞി ചെടികൾ പൂവിട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിൽ വലിയ തോതിൽ പൂക്കൾ വിരിയുമ്പോൾ മൂന്നാറിലേയ്ക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിക്കും.

പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന പ്രദേശങ്ങളായ പുല്‍മേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന ഒരു അപൂർവ ഇനം സസ്യമാണ് നീലക്കുറിഞ്ഞി. സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഈ കുറ്റിച്ചെടി മൂന്നാര്‍ മലനിരകളിൽ സമൃദ്ധമായി കാണപ്പെടാറുണ്ട്. വരയാടുകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനം നീലക്കുറിഞ്ഞി പൂക്കളുടെ കേന്ദ്രമാണ്.

മലഞ്ചെരിവുകളും ഷോലക്കാടുകളും നീലപ്പൂക്കളാല്‍ അലംകൃതമാകുന്ന കാഴ്ച കാണാൻ നിരവധി ആളുകളാണ് മൂന്നാറിലേയ്ക്ക് എത്താറുള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് പ്രത്യേക യാത്രാ പദ്ധതികളും സാഹസിക നടത്തത്തിനുളള സൗകര്യങ്ങളും ലഭ്യമാകാറുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്ന വാര്‍ഷിക കലണ്ടര്‍ സഞ്ചാരികളും പ്രകൃതി സ്‌നേഹികളും സസ്യശാസ്ത്രജ്ഞരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന അവസരമാണ്.

Related Articles

Back to top button