എൻഡിഎയുടെ പുതിയ കളി.. തേജ് പ്രതാപ് യാദവ് എൻഡിഎയിലേക്ക്.. ധാരണയുണ്ടാക്കി…

ബിഹാറിൽ എൻഡിഎയുടെ വൻ വിജയത്തിന് പിന്നാലെ ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ തങ്ങളുടെ ചേരിയിലെത്തിക്കാൻ എൻഡിഎയുടെ ശ്രമം.എൻഡിഎ നേതാക്കൾ ഇന്നലെ രാത്രി തേജ് പ്രതാപ് യാദവിനെ കണ്ടു. തിരഞ്ഞെടുപ്പിന് മുൻപ് അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവും അദ്ദേഹത്തിൻ്റെ പാർട്ടി സ്ഥാനാർത്ഥികളും എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു
ജനശക്തി ജനതാദൾ എന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കിയാണ് തേജ് പ്രതാപ് യാദവ് പോരാട്ടത്തിനിറങ്ങിയത്. എന്നാൽ എല്ലാ സീറ്റിലും ഇവർ പരാജയപ്പെട്ടു. എങ്കിലും ആർജെഡി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ തേജ് പ്രതാപ് യാദവിനായി. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ നിന്ന് 25 സീറ്റുകളിലേക്ക് മാത്രമായി ഒതുങ്ങിയ ആർജെഡിക്ക് കനത്ത പരാജയമാണ് സംഭവിച്ചത്. പിന്നാലെ ലാലുവിൻ്റെ നാല് പെൺമക്കളും പിണങ്ങിയിറങ്ങിപ്പോയതോടെ തിരഞ്ഞെടുപ്പ് ഗോദയിലെ തിരിച്ചടി വീട്ടിലും പൊട്ടിത്തെറിക്ക് കാരണമായി. ഇതിനിടെയാണ് അച്ഛൻ്റെ അപ്രീതിക്ക് പാത്രമായ തേജ് പ്രതാപ് യാദവിനെ ഒപ്പം കൂട്ടാൻ എൻഡിഎ ശ്രമിക്കുന്നത്.



