സംഘടനാവിരുദ്ധ പ്രവർത്തനം.. സതീഷ് തോന്നയ്ക്കലിനെ പദവിയില്‍ നിന്ന് നീക്കി എൻസിപി…..
NCP has removed Satheesh Thonnakkal from the post
ജെ സതീഷ് തോന്നയ്ക്കലിനെ ദേശീയ സെക്രട്ടറി പദവിയില്‍ നിന്നും പുറത്താക്കി എൻസിപി. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക തിരിമറിയും അടക്കം നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സതീഷ് തോന്നയ്ക്കലിനെതിരായ നടപടി.പി സി ചാക്കോയുടെയും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെയും നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.
സതീഷിന്‍റെ പ്രവർത്തികള്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അറിയിച്ചു.എന്നാൽ നടപടിയെടുക്കും മുൻപ് തന്നെ പാർട്ടിയുടെ മുഴുവൻ ചുമതലകളില്‍ നിന്നും രാജിവെച്ചിരുന്നുവെന്നാണ് ജെ സതീഷ് തോന്നയ്ക്കല്‍ പറയുന്നത്. പദവിയൊഴിയുന്നുവെന്നറിയിച്ച് ഫെബ്രുവരി ഒൻപതിന് നേതൃത്വത്തിന് അയച്ച കത്തും പുറത്ത് വന്നു.കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടർന്നാണ് രാജിയെന്നാണ് സതീഷ് തോന്നയ്ക്കലിന്‍റെ കത്തില്‍ സൂചിപ്പിക്കുന്നത്. തോമസ് കെ തോമസിന്റെ ഭാഗത്ത് നിന്നും തുടർച്ചയായി അപമാനവും അപകീർത്തികരമായ നടപടികളും നേരിടുകയാണ്. ഇത് സാമൂഹിക ജീവിതം മാത്രമല്ല, ചാരിറ്റി പ്രവർത്തനങ്ങള്‍ ചെയ്യുന്നതിനും സാമൂഹിക വികസന പരിപാടികളില്‍ പങ്കെടുക്കുന്നതിനും തടസ്സമാവുകയാണെന്ന് ജെ സതീഷ് തോന്നയ്ക്കല്‍ കത്തിലൂടെ അറിയിക്കുന്നു.