ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ വിമാനത്താവളം.. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തി​ന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ പൂർണ ഡിജിറ്റൽ വിമാനത്താവളമായ ഇതി​ന്റെ ആദ്യഘട്ടത്തി​ന്റെ ഉദ്ഘാടനമാണ് ഇന്ന് (ബുധൻ) പ്രധാന മന്ത്രി നിർവഹിച്ചത്. ഈ ഡിജിറ്റൽ വിമാനത്താവളത്തിന്റെ പ്രവർത്തനം 2025 ഡിസംബറിൽ ആരംഭിക്കും. 19,650 കോടി രൂപ ചെലവഴിച്ചാണ് നവി മുംബൈ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.

വാഹന പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും, ഓൺലൈനായി ബാഗേജ് ഡ്രോപ്പ് ബുക്ക് ചെയ്യാനും, ഇമിഗ്രേഷൻ സേവനങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും.

ഓരോ ഘട്ടത്തിലും കാത്തിരിപ്പ് സമയം കുറയ്ക്കുകയും സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഇതിനെ ‘ഉത്കണ്ഠ രഹിത’ വിമാനത്താവളമാക്കി മാറ്റുന്നുവെന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ (AAHL) സിഇഒ അരുൺ ബൻസാൽ പറഞ്ഞു.

‘ഉദാഹരണത്തിന്, നിങ്ങളുടെ ബാഗ് കറങ്ങുന്ന കൺവെയർ ബെൽറ്റിൽ (carousel) ഇരുപതാമത്തേതാണ് എന്ന് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങളുടെ ഫോണിൽ ലഭിക്കും.’ അദ്ദേഹം പറഞ്ഞു. സിറ്റി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനുമായി ചേർന്ന് അദാനി ഗ്രൂപ്പാണ് അഞ്ച് ഘട്ടങ്ങളിലായി ഇത് വികസിപ്പിക്കുന്നത്.

ഇതോടെ ഒന്നിലധികം വിമാനത്താവളങ്ങളുള്ള ആഗോള നഗരങ്ങളുടെ പട്ടികയിൽ മുംബൈയും ഇടംപിടിച്ചു. ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് നഗരങ്ങൾ. ടിക്കറ്റ് വിൽപ്പന ഒക്ടോബർ അവസാനത്തോടെ ആരംഭിക്കാൻ സാധ്യത. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ സർവീസുകൾക്ക് തയ്യാറാണ് എന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button