നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ആവശ്യം അംഗീകരിച്ചു…തഹസില്‍ദാർ പദവിയിൽ നിന്നും…

പത്തംതിട്ട: നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസില്‍ദാറായി തുടരാന്‍ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ പോലുള്ള കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി തല്‍ക്കാലം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അറിയിച്ചത്. പത്തനംതിട്ട കളക്ട്രേറ്റില്‍ തതുല്യ തസ്തിക വേണമെന്ന് മഞ്ജുഷ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. വിഷയത്തില്‍ കളക്ടറുടെ ഉത്തരവ് കൂടി ഇനി വരേണ്ടതുണ്ട്.

നവീന്‍ ബാബുവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി നിർദ്ദേശം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ആത്മഹത്യയല്ല, കൊലപാതകമെന്ന് സംശയമുണ്ടെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക അറിയിച്ചത്.

Related Articles

Back to top button