എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് പത്തനംത്തിട്ടയില്‍ എത്തിക്കും..സംസ്കാരം നാളെ..പി പി ദിവ്യക്കെതിരെ പരാതി…
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് പത്തനംതിട്ടയിലെ വസതിയില്‍ എത്തിക്കും. സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ഇന്ന് ഉച്ചയോടെ പത്തനംതിട്ടയില്‍ എത്തിക്കുന്ന മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ പൊതു ദര്‍ശനത്തിനു ശേഷം ഉച്ചയോടെ മലയാലപ്പുഴയിലെ വസതിയിലേക്ക് കൊണ്ടു പോകും. ഉച്ചയ്ക്ക് ശേഷം സംസ്‌ക്കാര ചടങ്ങുകള്‍ സ്വവസതിയില്‍ നടക്കും.
അതേസമയം നവീന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കണ്ണൂര്‍ എസ്എച്ച്ഒയ്ക്കും ഡിജിപിക്കും പരാതി നല്‍കി സഹോദരൻ.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ വ്യക്തിക്കും എതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് നീതി ലഭിക്കണം. ഇതുവരെയും സഹോദരനെതിരെ ഒരു ആരോപണവും വന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.




