സർക്കാർ അനുവദിച്ചിരുന്ന സിം കാർഡിലെ വിവരം…കളക്ടറും ദിവ്യയും തമ്മിൽ ഗൂഢാലോചന നടത്തി….
സർക്കാർ അനുവദിച്ചിരുന്ന സിം കാർഡിലെ വിവരം …….കളക്ടറും ദിവ്യയും തമ്മിൽ ഗൂഢാലോചന നടത്തി….
കണ്ണൂർ എ.ഡി.എം. കെ.നവീൻ ബാബുവിന് സർക്കാർ അനുവദിച്ചിരുന്ന സിം കാർഡിലെ വിവരം ശേഖരിക്കാനൊരുങ്ങി അന്വേഷണസംഘം. നവീൻ ബാബുവിന്റെ രണ്ട് ഫോണുകളിലെ വിവരം ഇതിനോടകം അന്വേഷണസംഘം ശേഖരിച്ചുകഴിഞ്ഞു. അത് കൂടാതെയാണ് ഔദ്യോഗിക സിമ്മിലെ വിവരം ശേഖരിക്കുന്നത്. കളക്ടറുടെ ഫോൺസംഭാഷണ വിവരവും അന്വേഷണസംഘം ശേഖരിക്കും. അതിനുശേഷം കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പി.പി.ദിവ്യ, ടി.വി.പ്രശാന്തൻ എന്നിവരുടെ ഫോൺവിവരം നേരത്തേ ശേഖരിച്ചിരുന്നു.
കേസ് ഡയറി ആദ്യം ഹാജരാക്കിയപ്പോൾ കളക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി ദിവ്യക്ക് ജാമ്യമനുവദിച്ചുള്ള കോടതി ഉത്തരവിലുണ്ട്. എ.ഡി.എം. കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴിയാണ് ജാമ്യാപേക്ഷയിൽ പ്രധാന വാദമായി ഉയർന്നത്. കളക്ടറുടെ മൊഴി വീണ്ടുമെടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കളക്ടറും ദിവ്യയും തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകന്റെ വാദം. കളക്ടറോട് എ.ഡി.എം. കുറ്റസമ്മതം നടത്തിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കളക്ടറോട് എ.ഡി.എം. കുറ്റസമ്മതം നടത്താൻ സാധ്യതയില്ലെന്നാണ് മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എ.ഡി.എമ്മും കളക്ടറും തമ്മിൽ നേരത്തേ നല്ല ബന്ധമായിരുന്നില്ലെന്നും സൂചിപ്പിച്ചു. ഇതിനൊക്കെയുള്ള ഉത്തരമാകും കളക്ടറുടെ ഇനിയുള്ള മൊഴി.
സംഭവം സംബന്ധിച്ച് എല്ലാവശവും അന്വേഷിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. മരിച്ചയാളോട് നീതി പുലർത്തുന്നതാകണം അന്വേഷണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. കൈക്കൂലി നൽകിയെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തില്ലെന്നത് കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എം.ഗീത നടത്തിയ വകുപ്പുതല അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോർട്ട്. അതുസംബന്ധിച്ച് വ്യക്തത വരുത്താൻ അന്വേഷണസംഘം ഗീതയുടെ മൊഴിയെടുക്കും.