പി.പി ദിവ്യയുടെ മുൻകൂർ ജാമ്യപേക്ഷയിൽ കക്ഷി ചേർന്ന് നവീൻ ബാബുവിന്റെ കുടുംബം…..
പി.പി ദിവ്യയുടെ മുൻകൂർ ജാമ്യപേക്ഷയിൽ എഡിഎം നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരും. നാളെ തന്നെ ഇതിനായുള്ള നിയമ നടപടിയിലേക്ക് കടക്കുമെന്നും കുടുംബം അറിയിച്ചു. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും തന്നെ ക്ഷണിച്ചത് കലക്ടറാണെന്നും ദിവ്യ ഹരജിയിൽ പറഞ്ഞു.
യാത്രയയപ്പ് യോഗത്തിൽ സംസാരിക്കാൻ ഡെപ്യൂട്ടി കലക്ടറാണ് ക്ഷണിച്ചത്. ചടങ്ങിൽ സംസാരിച്ചത് സദുദ്ദേശ്യത്തോടുകൂടിയാണെന്നും ഹരജിയിൽ പരാമർശിക്കുന്നുണ്ട്.എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.




