നവീൻ ബാബുവും കണ്ണൂർ കളക്ടറും തമ്മിൽ അത്ര നല്ല ബന്ധം അല്ലായിരുന്നു.. മൊഴി പുറത്ത്….
എഡിഎം നവീൻ ബാബുവും കണ്ണൂർ കളക്ടർ അരുൺ കെ.വിജയനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ മൊഴി. കളക്ടർ അവധി നൽകാത്തതിലടക്കം നവീൻ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മൊഴി നൽകിയത്.
ലാൻറ് റവന്യു ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ എഡിഎമ്മിൻറെ സിഎയുടെ മൊഴി ഇങ്ങനെ. ”നവീൻ ബാബുവും കലക്ടറും തമ്മിൽ നല്ല മാനസിക അടുപ്പമുള്ളതായി തോന്നിയിട്ടില്ല. കളക്ടർ എഡിഎമ്മിന് നേരത്തെ ഷോകോസ് നോട്ടീസ് നൽകിയിരുന്നു. വാരാന്ത്യങ്ങളിൽ കളക്ടർ അവധി നൽകാതിരുന്നതിൽ എഡിഎമ്മിന് ദുഖമുണ്ടായിരുന്നു. പത്തനംതിട്ട കളക്ടറേറ്റിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടും പകരം ആളെത്താതെ വിടില്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. പത്തനംതിട്ട കലക്ടർ നേരിട്ട് കണ്ണൂർ കലക്ടറെ വിളിച്ചിട്ടും വിടുതൽ നൽകാത്തതിൽ നവീൻബാബുവിന് വിഷമമുണ്ടായിരുന്നു.വിവാദ യാത്രയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവും കളക്ടറും തമ്മിൽ കളക്ടറുടെ ചേംബറിൽ 3 മിനുട്ടിൽ താഴെ കൂടിക്കാഴ്ച ഉണ്ടായി. കൂടിക്കാഴ്ചയുടെ വിവരങ്ങൾ കളക്ടർ അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർക്ക് സീൽഡ് കവറിൽ കൈമാറിയതാണ്. ഫയലിൽ പ്രശ്നമുണ്ടായിരുന്നുവെന്നും അത് കൊണ്ട് കാല താമസമുണ്ടായെന്ന് നവീൻബാബു പറഞ്ഞെന്നാണ് കലക്ടറുടെ മൊഴി. അതിന് ശേഷം തെറ്റ് പറ്റിയെന്ന് നവീൻബാബു പറഞ്ഞതായും കളക്ടറുടെ മൊഴിയിലുണ്ട്. പക്ഷെ തെറ്റെന്താണെന്ന് കലക്ടർ വിശദമാകുന്നില്ല.
അതേ സമയം പെട്രോൾ പമ്പ് അനുമതിയിൽ കാലതാമസം ഉണ്ടായില്ലെന്നാണ് തൻറെ അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അരുൺ കെ വിജയന്റെ മൊഴിയും റിപ്പോർട്ടിലുണ്ട്. പമ്പിന് അനുമതി നൽകിയതിൽ വീഴ്ചയുണ്ടായില്ലെന്നും നവീൻ ബാബു ഒരുതരത്തിലും കാശ് വാങ്ങുന്ന ആളല്ലെന്നാണ് കലക്ടറേറ്റിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർക്ക് നൽകിയ മൊഴി.