‘അന്ന് കൂട്ടിരിക്കാൻ അമ്മയുണ്ടായിരുന്നു’..ഇന്ന് നവമി ശസ്ത്രക്രിയക്കായി ആശുപത്രിയിൽ എത്തിയപ്പോൾ…

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ശസ്ത്രക്രിയയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ മൂന്നു വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘമായിരിക്കും നവമിയുടെ തുടർചികിത്സയ്ക്ക് നേതൃത്വം നൽകുക. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന ജില്ലാ കളക്ടർക്കു മുന്നിൽ ഒരു കാര്യവും മറച്ചു വയ്ക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാർ പറഞ്ഞു.

പരിചരിക്കാൻ അമ്മ ഒപ്പമില്ലാതെ നവമി ആശുപത്രിയിലേക്ക്. ഒരാഴ്ച മുമ്പ് ബിന്ദുവിനൊപ്പം ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ നവമി വീണ്ടും എത്തുന്നത് അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ദിവസം. ഇന്ന് തന്നെ വിശദമായ പരിശോധനകൾ തുടങ്ങേണ്ടത് ഉള്ളതുകൊണ്ട് ചടങ്ങുകളിൽ പങ്കെടുക്കാതെയാണ് നവമി മെഡിക്കൽ കോളേജിലേക്ക് എത്തിയത്. രാവിലെ ഏഴരയോടെ ബന്ധുക്കൾക്കൊപ്പം തലയോലപ്പറമ്പിലെ വീട്ടിൽ നിന്നിറങ്ങി. വേഗം സുഖം പ്രാപിച്ചുതിരിച്ചു വരണം എന്ന് പ്രാർത്ഥനയോടെ നാട്ടുകാരും വീട്ടിലുണ്ടായിരുന്നു.

ഒൻപതേകാലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ആദ്യം അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനകൾ. പിന്നീട് മെഡിക്കൽ സംഘത്തിന് നിർദ്ദേശം പ്രകാരം തയ്യാറാക്കിയ പ്രത്യേക മുറിയിലേക്ക്. അമ്മ മരിച്ചതിന്റെ ആഘാതത്തിലുള്ള നവമിയെ മാനസികമായി ശസ്ത്രക്രിയയ്ക്ക് ഒരുക്കുക എന്നതാണ് ആദ്യ കടമ്പ. ഇതിനായി കൗൺസിലിഗ് നൽകും. ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നവമിക്ക് രണ്ട് ശസ്ത്രക്രിയകൾ ആണ് വേണ്ടത്. ആദ്യത്തേത് കഴുത്തിലാണ്. ഇതിനു വേണ്ടിയുള്ള 90% പരിശോധനകളും മുമ്പ് പൂർത്തിയാക്കിയിരുന്നു.

Related Articles

Back to top button