മാവേലിക്കര സ്വദേശി…. അന്തര്‍ജില്ലാ ഗുണ്ടയെ കാപ്പാ നിയമപ്രകാരം ജയിലിലടച്ചു…..

മാവേലിക്കര- ആലപ്പുഴ ജില്ലയിൽ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന പോലീസ് നടപടിയുടെ ഭാഗമായി നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ അന്തര്‍ ജില്ലാ ഗുണ്ടയായ ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പില്‍ വീട്ടിൽ ആഷിഖ് (35) നെ നൂറനാട് സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ മേൽനോട്ടത്തിലാണ് ചെങ്ങന്നൂര്‍ സബ് ഡിവിഷനില്‍ ക്രിമിനലുകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

2011 മുതല്‍ നൂറനാട്, അടൂര്‍ പോലീസ് സ്റ്റേഷനുകളിലായി ലഹളയുണ്ടാക്കല്‍, കഠിന ദേഹോപദ്രവം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകളെ ആക്രമിക്കല്‍, മാരകായുധങ്ങളുമായി ആക്രമണം, പട്ടികജാതി പീഢനം തടയല്‍ നിയമം, തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് ആഷിഖ്. 2014ല്‍ ആദിക്കാട്ടുകുളങ്ങരയില്‍ വച്ച് റംസാന്‍ പെരുനാള്‍ ദിവസം നടന്ന തര്‍ക്കത്തില്‍ ഇടപെട്ടയാളെ വാളുകൊണ്ട് മാരകമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ഈ കേസില്‍ മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇയാളെയും കൂട്ടു പ്രതികളേയും 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങിയ ആഷിഖ് ഗുണ്ടാ സംഘങ്ങളുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. വിവിധ കേസുകളിലായി മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലും കൊട്ടാരക്കര ജില്ലാ ജയിലിലും പത്തനംതിട്ട ജില്ലാ ജയിലിലും പല തവണ ഇയാള്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്.

2024 ഒക്ടോബറിലും ഡിസംബറിലും അടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി പീഢനം തടയല്‍ നിയമ പ്രകാരമുളള കേസിലും കൊലപാതകശ്രമ കേസിലും പ്രതിയായി ഉള്‍പ്പെട്ട ആഷിഖ് ഒളിവില്‍ കഴിഞ്ഞുവരവേയാണ് കാപ്പാ നിയമ പ്രകാരമുളള നടപടികള്‍ ആരംഭിച്ചത്. നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാര്‍ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ മുഖാന്തിരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ആണ് ആഷിഖിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിന് ഉത്തരവു പുറപ്പെടുവിച്ചത്.

ഒളിവില്‍ കഴിഞ്ഞു വന്ന ആഷിഖിനെ അറസ്റ്റ് ചെയ്യുന്നതിനായി ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇന്ന് രാവിലെ ഇയാളെ അടൂര്‍ പഴകുളം ഭാഗത്തു നിന്നും കസ്റ്റഡിയിലെടുത്ത ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കി. നൂറനാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്.നിതീഷ്, അസി.സബ് ഇന്‍സ്പെക്ടര്‍ സിനു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് മാത്യു, സിജു.എച്ച്, രജീഷ്.എം, വിഷ്ണു.ആര്‍.എസ്, മണിലാല്‍.ആര്‍, അനീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2024 മുതല്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു മാത്രം 9 ഗുണ്ടകളെ നാടുകടത്തുകയും കഴിഞ്ഞ ദിവസം വിനു വിജയന്‍ എന്ന ഗുണ്ടയെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button