50 മീറ്ററിലധികം നീളം.. എൻ എച്ച് 66 ൽ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ വലിയ വിള്ളൽ
കനത്ത മഴയിൽ ചാവക്കാട് തിരുവത്ര അത്താണി ദേശീയപാത 66-ൽ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടു. ടാറിങ് പൂർത്തിയാക്കിയ ഭാഗത്താണ് ഏകദേശം 50 മീറ്ററിലധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്.
രാവിലെ ഇതുവഴി നടക്കാനിറങ്ങിയ യുവാക്കളാണ് ആദ്യമായി വിള്ളൽ ശ്രദ്ധയിൽപ്പെടുത്തിയത്. വിള്ളൽ രൂപപ്പെട്ട ഭാഗത്ത് താൽക്കാലികമായി സിമൻ്റ് ഉപയോഗിച്ച് അടച്ചിട്ടുണ്ടെങ്കിലും, ശക്തമായ മഴയിൽ വിള്ളൽ വീണ്ടും പ്രകടമായിക്കൊണ്ടിരിക്കുകയാണ്. യാത്രാസുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് വിള്ളൽ. ഏതെങ്കിലും രീതിയിൽ പരിശോധനയുണ്ടാകുമോ എന്നതിൽ വ്യക്തതയായിട്ടില്ല.
നേരത്തെയും ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ദേശീയപാതയിൽ സമാനമായ രീതിയിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. റോഡിന്റെ ഗുണനിലവാരത്തെയും നിർമ്മാണത്തെയും കുറിച്ച് പൊതുജനങ്ങളിൽ നിന്ന് ചോദ്യങ്ങളുയർത്തുന്ന സംഭവമാണിത്. ദേശീയപാത അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.