മുഖ്യമന്ത്രി പിണറായിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസും;കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച ഇന്ന്..
ദേശീയപാത നിർമ്മാണത്തിലെ വിവാദങ്ങൾക്കിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പാതാ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം ഉന്നയിക്കും. ചർച്ചയിൽ പിണറായിക്കൊപ്പം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയും തുടര്‍ന്നുള്ള വിവാദങ്ങളുമടക്കം ചര്‍ച്ചയാകും.
അതേസമയം,ദേശീയ പാതകളുടെ പുനര്‍നിര്‍മാണം എത്രയുംവേഗം തീര്‍ക്കാന്‍ കേരളം ദേശീയ പാതാ അതോറിറ്റിയോട് ആവശ്യപ്പെടും. ദേശീയപാത അതോറിറ്റി ചെയര്‍മാന് സന്തോഷ്കുമാർ യാദവുമായുള്ള ചര്‍ച്ചയിലാണ് ചീഫ് സെക്രട്ടറി എ ജയതിലക് ഇക്കാര്യം ഉന്നയിക്കുക.ദേശീയപാതകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താന് കഴിഞ്ഞ ദിവസമാണ് സന്തോഷ് കുമാര് യാദവ് കേരളത്തിലെത്തിയത്. കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലെ ദേശീയ പാത നിര്‍മാണ മേഖലകളില് അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.