സമീപ ഭാവിയിൽ ബഹിരാകാശ ദൂരദർശിനികൾ എടുക്കുന്ന ചിത്രങ്ങളൾ വ്യക്തതയില്ലാത്തതാകും; മുന്നറിയിപ്പുമായി എഎഎസ്; കാരണം ഇതാണ്..

ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. ഈ ഉപഗ്രഹങ്ങളുടെ വർദ്ധന ബഹിരാകാശ ദൂരദർശിനികൾ എടുക്കുന്ന 95 ശതമാനം ചിത്രങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. നാസയുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ഉപഗ്രഹങ്ങളിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശം ദൂരദർശിനികൾ പകർത്തുന്ന ചിത്രങ്ങളിൽ വരകളായും മറ്റും കാണപ്പെടുന്നതാണ് ഈ ചിത്രങ്ങളെ ദോഷകരമായി ബാധിക്കുന്നത്. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രങ്ങളെ ഇപ്പോൾ ഈ വരകൾ ബാധിച്ചിട്ടുണ്ട്. കൂടുതൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക് എത്തുന്നതിനാൽ സ്ഥിതി കൂടുതൽ വഷളാകുകയാണെന്നാണ് ഗവേഷകർ പറയുന്നത്.
ഭാവിയിൽ നാസയുടെ SPHEREx, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ARRAKIHS, ചൈനയുടെ Xuntian ബഹിരാകാശ ദൂരദർശിനി തുടങ്ങിയവ ഉൾപ്പെടെ മറ്റ് ദൂരദർശിനികൾ ഇത്തരം വരകൾ നിറഞ്ഞ ചിത്രങ്ങൾ ആയിരിക്കും നൽകുക എന്ന നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു. ARRAKIHS ഉം Xuntian ഉം ഇതുവരെ വിക്ഷേപിച്ചിട്ടില്ല. അതേസമയം SPHEREx ഈ വർഷം വിക്ഷേപിച്ചു. നാസ ശാസ്ത്രജ്ഞനായ അലജാൻഡ്രോ എസ്. ബോർലാഫിൻരെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പഠനം നടത്തിയത്.
കഴിഞ്ഞ 70 വർഷത്തെ ബഹിരാകാശ ചരിത്രത്തിൽ ആകെ വിക്ഷേപിച്ചതിനേക്കാൾ കൂടുതൽ ഉപഗ്രഹങ്ങൾ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിക്ഷേപിക്കപ്പെട്ടു. ഇത് ഉപഗ്രഹ പാതകളുടെ പ്രശ്‍നം കൂടുതൽ വഷളാക്കി. ഹാർവാർഡ്-സ്‌മിത്‌സോണിയൻ സെൻറർ ഫോർ ആസ്ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്‌ഡൊവലിൻറെ ഡിസംബർ ഒന്നുവരെയുള്ള ഡാറ്റകൾ അനുസരിച്ച് ഭൂമിയെ ചുറ്റുന്ന 10,000-ത്തിൽ അധികം സജീവ ഉപഗ്രഹങ്ങളുണ്ട്. 7,800-ൽ അധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ഇവയിൽ ഭൂരിഭാഗവും ഇലോൺ മസ്‍കിൻറെ സ്‌പേസ് എക്‌സിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്നതാണ് ശ്രദ്ധേയം.
2018-നും 2021-നും ഇടയിൽ, ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ കുറവായിരുന്നപ്പോൾ, ഹബിൾ ബഹിരാകാശ ദൂരദർശിനി പകർത്തിയ ചിത്രങ്ങളിൽ ഏകദേശം നാല് ശതമാനം ഉപഗ്രഹങ്ങളിൽ നിന്നുള്ള പ്രകാശ വരകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഹബിൾ ബഹിരാകാശ ദൂരദർശിനി എടുക്കുന്ന ഓരോ മൂന്ന് ചിത്രങ്ങളിലും കുറഞ്ഞത് ഒരു പ്രകാശ വര കാണിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്ന് ഗവേഷകർ പറയുന്നു. SPHEREx ദൂരദർശിനി, ARRAKIHS, Xuntian എന്നിവ പകർത്തുന്ന 96 ശതമാനം ചിത്രങ്ങളും ഭാവിയിൽ ഈ പ്രശ്‌നം നേരിടേണ്ടിവരുമെന്ന് പഠനം വിശദീകരിക്കുന്നു.
ഉപഗ്രഹങ്ങളുടെ വർദ്ധനവ് ഭൂതല ദൂരദർശിനികൾ എടുക്കുന്ന ചിത്രങ്ങളെയും ബാധിച്ചേക്കാം എന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഭൂമിയുടെ താഴത്തെ ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ വർദ്ധനവ് അവയുടെ ചിത്രങ്ങളിൽ തിളക്കങ്ങളും പ്രകാശ വരകളും സൃഷ്‌ടിക്കുമെന്ന് അമേരിക്കൻ ജ്യോതിശാസ്ത്ര സൊസൈറ്റി (എഎഎസ്) ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



