ഭൂമിക്കും ചന്ദ്രനും ഭീഷണിയായി കൊലയാളി ഛിന്നഗ്രഹം എത്തുന്നു.. അണുബോംബ് പ്രയോഗിച്ച് തവിടുപൊടിയാക്കാനൊരുങ്ങി നാസ…
2024 YR4 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിച്ചിറങ്ങാന്‍ നേരിയ സാധ്യത കല്‍പിക്കുന്നുണ്ട്. ആദ്യം ഭൂമിക്ക് ഭീഷണിയായിരുന്ന ഈ ഛിന്നഗ്രഹം ഇപ്പോൾ ചന്ദ്രന് ഭീഷണി ഉയര്‍ത്തുന്നതായാണ് ബഹിരാകാശ ഗവേഷകര്‍ കണക്കാക്കുന്നത്. 2024 വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 23ന് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 3.1 ശതമാനം വരെയായി ഒരുവേള ഉയര്‍ന്നിരുന്നു. എന്നാല്‍ 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയെ നോവിക്കാതെ കടന്നുപോകും എന്നാണ് പുതിയ അനുമാനങ്ങള്‍. എങ്കിലും 2024 YR4 ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത 4.3 ശതമാനമായി നാസ വര്‍ധിപ്പിച്ചതും ആശങ്കയുയര്‍ത്തുന്നു.
2024 YR4 ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയാല്‍ അത് വലിയ പ്രത്യാഘാതം ഭൂമിയിലും സൃഷ്‌ടിക്കും. അതിനാല്‍ ഈ ഛിന്നഗ്രഹത്തെ തകർത്ത് ചന്ദ്രനെ രക്ഷിക്കാൻ ന്യൂക്ലിയർ ബോംബുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആലോചിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.ഈ ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിച്ചാൽ ചന്ദ്രോപരിതലത്തിൽ നിന്ന് വലിയ അളവിലുള്ള അവശിഷ്‌ടങ്ങൾ പുറന്തള്ളപ്പെടുകയും ബഹിരാകാശത്തേക്ക് വ്യാപിക്കുകയും ചെയ്യും. ഈ അവശിഷ്‌ടങ്ങൾ ഭൂമിയിലേക്ക് നയിക്കപ്പെടുകയും ഉപഗ്രഹങ്ങൾക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും അതിലെ ബഹിരാകാശ യാത്രികർക്കും വരെ വലിയ ഭീഷണി ഉയർത്തുകയും ചെയ്യും.
അതുകൊണ്ടുതന്നെ 2024 വൈആര്‍4 ഛിന്നഗ്രഹത്തെ തടയാൻ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് നാസയുടെ ആലോചന. 2029-നും 2031-നും ഇടയിൽ ഒരു ഛിന്നഗ്രഹ പ്രതിരോധ ദൗത്യം നാസയിലെ ശാസ്ത്രജ്ഞർ നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂക്ലിയർ ബോംബ് ഉപയോഗിച്ച് ഛിന്നഗ്രഹത്തെ നശിപ്പിച്ച് ഭീഷണി ഒഴിവാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.അതേസമയം, 2024 YR4 ഛിന്നഗ്രഹത്തിന്‍റെ കൃത്യമായ വലിപ്പം, ഭാരം, ഘടന എന്നിവ ഇതുവരെ രേഖപ്പെടുത്താനാവാത്തത് സ്ഥിതി സങ്കീര്‍ണമാക്കുന്നു. പ്രതിരോധിക്കാന്‍ സമയവും പരിമിതമാണ്. മാത്രമല്ല ദിശ മാറ്റുന്നതിനിടയിൽ 2024 വൈആര്‍4 ഛിന്നഗ്രഹം അബദ്ധത്തിൽ ഭൂമിയിലേക്ക് തിരിഞ്ഞാൽ അത് ഭൂമിക്ക് കാര്യമായ ഭീഷണി ഉയർത്തുകയും ചെയ്യും. അതിനാല്‍ ഏറെ സങ്കീര്‍ണമായ ദൗത്യമാണ് നാസയ്‌ക്ക് മുന്നിലുള്ളത്. അതുകൊണ്ടാണ് ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുന്നതിനുപകരം അതിനെ ആണവായുധം ഉപയോഗിച്ച് ഛിന്നഭിന്നമാക്കുന്നതിനെ കുറിച്ചും ശാസ്ത്രജ്ഞർ ഇപ്പോൾ ആലോചിക്കുന്നത്.ഇതിനായി 100 കിലോ ടൺ ഭാരമുള്ള രണ്ട് ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ആലോചന. ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകളേക്കാൾ അഞ്ച് മുതൽ എട്ട് മടങ്ങ് വരെ ശക്തി ഈ അണുബോംബിനുണ്ടാകും.