‘കേരളത്തിലെ സംഘികള്‍ ഫെയ്‌സ്ബുക്ക് അമ്മാവന്മാര്‍’.. ആദ്യം വിജയകരമായി പരീക്ഷിച്ച നേതാവ് നരേന്ദ്രമോദി…
ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ആദ്യം വിജയകരമായി പരീക്ഷിച്ച നേതാവ് നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പരമ്പരാഗത മാധ്യമങ്ങളെ അവഗണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നരേന്ദ്രമോദി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയും ജനപിന്തുണയും വലിയതാണെന്നും സന്ദീപ് വാര്യര്‍ ഫെയ്ബുക്കില്‍ കുറിച്ചു.കേരളത്തിലെ സംഘികളില്‍ അധികവും ഫെയ്‌സ്ബുക്ക് അമ്മാവന്മാരാണ്. ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ നാടിന്റെ പള്‍സ് അവര്‍ തിരിച്ചറിയുന്നില്ല. അവര്‍ വായിക്കാന്‍ വേണ്ടിയാണ് ഇത് എഴുതുന്നത്. നരേന്ദ്രമോദിയും ബിജെപിയും വലിയ ഭരണവിരുദ്ധ വികാരമാണ് ഇപ്പോള്‍ നേരിടുന്നത്. യുവതലമുറ ബിജെപിയെ വിശ്വസിക്കുന്നില്ല. അവരുടെ പ്രതീക്ഷകളെ സഫലീകരിക്കാനുള്ള ഒരു പദ്ധതിയും ബിജെപിയുടെ കൈവശമില്ലെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയും ജനപിന്തുണയുമാണ് മോദിയെ അധികാരത്തിലേറ്റിയതെന്നും 2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തെരഞ്ഞെടുപ്പുകളായിരുന്നുവെങ്കില്‍ 2024ല്‍ അത് ഇന്‍സ്റ്റാഗ്രാം യൂട്യൂബ് തെരഞ്ഞെടുപ്പുകളിലേക്ക് മാറിയെന്നും സന്ദീപ് പോസ്റ്റില്‍ നിരീക്ഷിച്ചു.