ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ്, അന്നേദിവസം ….

ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ്. അന്നേദിവസം തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, അന്നേദിവസം മറ്റൊരു പരിപാടി ഉള്ളതിനാല്‍ പോയില്ലെന്നുമാണ് വിശദീകരണം.
നടക്കാത്ത ഭജനയ്ക്ക് നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നാണ് ഒരു ബില്ലില്‍ പറയുന്നത്. അന്ന് വേദിയില്‍ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകന് ഇഷാന് ദേവും സംഘവുമായിരുന്നു. കൂടാതെ വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ ചിലവ് രേഖപ്പെടുത്തിയിട്ടും ഇല്ല.
പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്നത് വന്‍ തട്ടിപ്പും ,ക്രമക്കേടുമെന്നാണ് കണക്കുകള്‍. പരിപാടിയില്‍ അടിമുടി ധൂര്‍ത്തെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. വ്യാപക പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ കണക്കുകളില്‍ വ്യക്തത തേടാന്‍ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം വിളിച്ചു. ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്തിന്റെ പ്രതികരണം. ചിലവ് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവനും പറഞ്ഞു. സര്‍ക്കാരിനെയും ദേവസ്വംമന്ത്രിയേയും വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തി.



