തോറ്റാല്‍ തോറ്റെന്ന് സമ്മതിക്കണം, അല്ലാതെ നാട്ടുകാരെ മൊത്തം വര്‍ഗീയവാദികളാക്കരുത്..
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തോല്‍വിയെ ന്യായീകരിക്കുന്ന സിപിഐഎം നേതാക്കളെ പരിഹസിച്ച് നജീബ് കാന്തപുരം എംഎല്‍എ. തോറ്റാല്‍ തോറ്റെന്ന് സമ്മതിക്കണമെന്നും അല്ലാതെ യുഡിഎഫിന് വോട്ടുചെയ്ത നാട്ടുകാര്‍ മൊത്തം വര്‍ഗീയവാദികളാണെന്ന് പറയരുതെന്നും നജീബ് കാന്തപുരം പറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പ്പിച്ചത് എന്തിനാണെന്ന് വോട്ടുചെയ്ത നാട്ടുകാര്‍ക്ക് അറിയാമെന്നും കാരണവരുടെ ഭരണ ധാര്‍ഷ്ട്യത്തിനുളള മറുപടിയാണ് ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘11077 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിച്ച ആര്യാടൻ ഷൗക്കത്ത് ജയിച്ചത് മതവർഗ്ഗീയ വാദികളുടെ വോട്ട് വാങ്ങിയാണെന്ന് മന്ത്രി റിയാസ്. വർഗ്ഗീയതയുടെ സമ്മേളനമെന്ന് ഗോവിന്ദൻ മാസ്റ്റർ. ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയത സമാസമം കൂട്ടുപിടിച്ചാണ് യുഡിഎഫ് ജയിച്ചതെന്ന് എ.വിജയരാഘവൻ. തുലോം വിരളം വോട്ടുള്ളവരാണത്രെ യുഡിഎഫിനെ ജയിപ്പിച്ചത്. ലീഗിനും കോൺഗ്രസിനും യുഡിഎഫ് മുന്നണിക്കുമൊന്നും റോളില്ല. പരിപ്പുവടയിൽ മുഖ്യ ചേരുവ അതിലിടുന്ന ഒരു നുള്ള് ഉപ്പാണെന്ന് പറഞ്ഞാൽ സിപിഎമ്മുകാർ സമ്മതിക്കുമോ, അതിൽ മാവിനും പരിപ്പിനും റോളില്ലേ’- നജീബ് കാന്തപുരം ചോദിക്കുന്നു.