വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം.. മക്കൾക്ക് ഗുരുതര പരിക്ക്..

ഇറ്റലിയിൽ ഒരു വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. മക്കൾക്ക് ഗുരുതര പരിക്ക്. നാഗ്പൂർ ആസ്ഥാനമായുള്ള ഹോട്ടൽ വ്യവസായി ജാവേദ് അക്തറും ഭാര്യ നാദിറ ഗുൽഷനുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഇറ്റലിയിലെ ഇന്ത്യൻ എംബസി മരണങ്ങൾ സ്ഥിരീകരിച്ചു. നാട്ടിലുള്ള അവരുടെ കുടുംബവുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവർ അറിയിച്ചു. മക്കളായ അർസൂ അക്തർ (21), ഷിഫ അക്തർ, മകൻ ജാസൽ അക്തർ എന്നിവരോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഗ്രോസെറ്റോയ്ക്കടുത്തുള്ള ഔറേലിയ ഹൈവേയിൽ കുടുംബം അപകടത്തിൽപ്പെട്ടത്.
സെപ്റ്റംബർ 22 ന് ഫ്രാൻസിൽ നിന്ന് അവധിക്കാലം ആഘോഷിച്ച് ഇറ്റലിയിലെത്തിയതായിരുന്നു. ഒമ്പത് സീറ്റുള്ള മിനിബസിൽ യാത്ര ചെയ്യവെയാണ് അപകടം. വാനിലേക്ക് ഒരു ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. മിനിബസ് ഡ്രൈവറും മരിച്ചു.
അപകടത്തിൽ അവരുടെ മകൾ അർസൂവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സിയാനയിലെ ലീ സ്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരുടെ നില ഗുരുതരമാണ്. ഷിഫയും ജാസലും ഫ്ലോറൻസിലും ഗ്രോസെറ്റോയിലുമുള്ള ആശുപത്രികളിൽ സുഖം പ്രാപിച്ചുവരുന്നു.


