‘എന്റെ വോട്ട് പിണറായിയുടെ ഭരണത്തുടർച്ചയ്ക്ക്’; കെപിസിസി സെക്രട്ടറി കോൺഗ്രസ് അംഗത്വം രാജിവച്ചു

കെപിസിസി സെക്രട്ടറി ഡിവി വിനോദ് കൃഷ്ണ കോൺഗ്രസ് അംഗത്വം രാജിവച്ചു. പിണറായിയുടെ ഭരണത്തുടർച്ചയ്ക്ക് വോട്ട് ചെയ്യണമെന്ന് വിനോദ് കൃഷ്ണ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. പാർട്ടി നേതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വിനോദ് കൃഷ്ണ പറഞ്ഞു. മുതിർന്ന നേതാവ് രാഹുൽ ഗാന്ധിക്ക് അയച്ച കത്തും വിനോദ് കൃഷ്ണ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു.
‘പിണറായി 3.0 സർക്കാർ വരുന്നതിനായി നാളെ എനിക്ക് വോട്ട് ചെയ്യണം. അതിനാൽ കെ പി സി സി സെക്രട്ടറി സ്ഥാനമുൾപ്പെടെ പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാം സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുന്നു’- വിനോദ് കൃഷ്ണ ഫെയ്സ്ബുക്കിൽ കുറിച്ചു.
മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണെന്ന് രാഹുൽ ഗാന്ധിക്ക് എഴുതിയ രാജിക്കത്തിൽ പറയുന്നു. മൂന്നാം പിണറായി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനാണ് തന്റെ തീരുമാനം. പാർട്ടിക്ക് അകത്ത് അൻപത് വയസ്സിൽ താഴെയുള്ളവർക്ക് പരിമിതമായ പ്രാതിനിധ്യം മാത്രമേ ലഭിക്കുന്നുള്ളു. ഇത് യുവതലമുറയെ പാർട്ടിയിൽ നിന്ന് അകറ്റുന്നു. 2006 തിരഞ്ഞെടുപ്പിലും സിറ്റിങ് എംഎൽഎമാർക്ക് മാത്രം അവസരം നൽകുന്ന സാഹചര്യം ഉണ്ടായതാണ് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായത്. അതേരീതി തന്നെയാണ് ഇത്തവണയും തുടർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പിസം മാത്രമാണ് നടക്കുന്നത്. ഇത് പാർട്ടിയുടെ ഐക്യവും ലക്ഷ്യവും തകർക്കുന്നതാണെന്നും വിനോദ് കൃഷ്ണ രാജിക്കത്തിൽ പറയുന്നു.



