മുടി വെട്ടുന്നതിന്റെ തുടക്കം മുതൽ മുഖത്ത് ചിരി നിറഞ്ഞുനിന്നു’; കാൻസർ രോഗികൾക്കായി മുടി നൽകി കുഞ്ഞ് ആമ്പൽ
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി മുടി നല്‍കി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി. തിരുവനന്തപുരം സ്വദേശികളായ സന്തോഷ്-രജിത ദമ്പതികളുടെ മകള്‍ ആമ്പല്‍ (ആറ്) ആണ് കാന്‍സര്‍ രോഗികള്‍ക്കായി സ്വന്തം ഇഷ്ടപ്രകാരം മുടി വളര്‍ത്തി മുറിച്ച് നല്‍കിയത്. മകള്‍ ഇത്തരത്തില്‍ ഒരു ആഗ്രഹം പറഞ്ഞപ്പോല്‍ സന്തോഷും രജിതയും പൂര്‍ണ സമ്മതത്തോടെ ഒപ്പം നില്‍ക്കുകയായിരുന്നു. തിരുവനന്തപുരം മുളവന ഗവണ്‍മെന്റ് യുപി സ്‌കൂളിലെഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആമ്പല്‍. ആമ്പലിന്റെ മാതാവ് രജിതയാണ് മുടി നല്‍കിയ വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് ആമ്പലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഉറ്റസുഹൃത്തിനെ പോലെ സൂപ്പര്‍ ഹീറോ ആകണമെന്ന് ആമ്പല്‍ പറഞ്ഞിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം എന്ന് രജിത കുറിപ്പില്‍ പറയുന്നു. അന്ന് അവള്‍ക്ക് അഞ്ച് വയസായിട്ടുണ്ടായിരുന്നില്ല. ഈ ചെറുപ്രായത്തില്‍ സഹജീവികള്‍ക്കായി എന്ത് നന്മ ചെയ്യാന്‍ കഴിയും എന്നിടത്താണ് നീ സൂപ്പര്‍ ഹീറോയാകുന്നത് എന്നായിരുന്നു താന്‍ നല്‍കിയ മറുപടി. അങ്ങനെ ഈ ചെറു പ്രായത്തില്‍ ആമ്പലിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിച്ചപ്പോള്‍ ആണ് ഹെയര്‍ ഡൊണേഷന്‍ എന്ന ചിന്ത മനസിലേക്ക് വന്നത്.അന്ന് അവള്‍ യുകെജിയില്‍ പഠിക്കുകയാണ്. ആ സമയം അവളോട് ഹെയര്‍ ഡൊണേഷന്റെ വശങ്ങളെല്ലാം പറഞ്ഞുകൊടുത്തു. അത് അവള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടുവെന്നും രജിത പറയുന്നു.



