ആല്‍വിനെ ഇടിച്ചത് ബെന്‍സ്.. ഡ്രൈവർമാർ കസ്റ്റഡിയിൽ.. ലൈസന്‍സ് റദ്ദാക്കും…
റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് കണ്ടെത്തി. രണ്ടു വാഹങ്ങളുടെ ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും എം വി ഡി തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. രണ്ട് വാഹനത്തിലെയും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
റീല്‍സ് ചിത്രീകരണത്തിനിടെ കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നും അപകടത്തിന്റെ വ്യാപ്തി പരിശോധിച്ച ശേഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും എംവിഡി പ്രതികരിച്ചു.ഇന്ന് രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ചാണ് അപകടമുണ്ടായത്.
ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.