എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു.. വിദ്യാർഥികളുടെ ബസ് കൺസെഷൻ ഇനി ആപ്പ് വഴി
സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാർഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. സ്വകാര്യ, കെഎസ്ആർടിസി സ്റ്റേജ് ക്യാരേജുകളിൽ വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഓൺലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈൽ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സർക്കാർ ഒരുങ്ങുന്നത്. കൺസെഷനെ ചൊല്ലി വിദ്യാർഥികളും ബസ് ഓപ്പറേറ്റർമാരും തമ്മിലുള്ള തർക്കം പരിഹരിക്കുകയാണ് ലക്ഷ്യം.
ലീഡ്സ് മൊബൈൽ ആപ്ലിക്കേഷന്റെ സേവനം വിപുലീകരിക്കുന്നതിന് അന്തിമ അംഗീകാരം നൽകുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) ഈ ആഴ്ച അവസാനം യോഗം ചേരും. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുന്നത്. നിലവിൽ കൺസെഷൻ പേപ്പർ അധിഷ്ഠിതമാണ്. ഈ സേവനം ഓൺലൈൻ ആക്കുന്നതോടെ തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് മോട്ടോർ വാഹനവകുപ്പ് കരുതുന്നത്. മോട്ടോർ വാഹന വകുപ്പ് (എംവിഡി) വികസിപ്പിച്ചെടുത്ത ലീഡ്സ് ആപ്പ് നിലവിൽ വിദ്യാർഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് സമഗ്രവും വിവിധോദ്ദേശ്യപരവുമായി വിപുലീകരിക്കുക എന്നതാണ് മോട്ടോർ വാഹനവകുപ്പിന്റെ ലക്ഷ്യം.



