‘വേഷം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്, സ്കൂളുകളുടെ കാര്യത്തിൽ ആലോചന വേണം’
എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും വേഷം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, സ്കൂളുകളുടെ കാര്യം വരുമ്പോൾ അതുമായി യോജിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് ആലോചിക്കണം. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ യും കോൺഗ്രസും ചേർന്നുള്ള കൂട്ടായ്മ മത വിദ്വേഷം ഉണ്ടാക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇഡി സമൻസിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഇതൊന്നും കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാൻ നോക്കണ്ടെന്നും സമൻസ് പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.