ആര് അറസ്റ്റിലായാലും പ്രശ്നം ഇല്ല; ആരെയും സംരക്ഷിക്കില്ല.. സിപിഐഎമ്മിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദന്‍…

ശബരിമല സ്വർണ്ണകവർച്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് എസ്ഐടി എല്ലാം പരിശോധിച്ച് ആരൊക്കെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരും. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ല. ആര് അറസ്റ്റിൽ ആയാലും പ്രശ്നം ഇല്ല. അയ്യപ്പന്റെ ഒരു തരി സ്വർണം കട്ടെടുക്കാൻ പാടില്ല. ഒരാൾക്ക് വേണ്ടിയും ഒരു അര വർത്തമാനവും പറയില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
ഹൈക്കോടതിയുടെ കീഴിലുള്ള എസ്‌ഐടിയെ തള്ളിപ്പറയുന്നത് ബിജെപിക്ക് അവര്‍ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് നേതാവാണെന്നും കേരളത്തിലെ മറ്റ് നേതാക്കളെല്ലാം രാഷ്ട്രീയത്തിലൂടെ വന്നവരാണെന്നും വലിയ അഴിമതിയാണ് കര്‍ണാടകത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.


