കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവെയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കാൻ സാധിക്കില്ല; സംസ്ഥാന സർക്കാരിന് പരിമിതികളുണ്ട്…

സംസ്ഥാന സർക്കാരിന് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവെയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കാൻ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സംസ്ഥാന സർക്കാരിന് ഇക്കാര്യങ്ങളിൽ പരിമിതിയുണ്ടെന്നും എൻജിഒ യൂണിയന്റെ പരിപാടിയിൽ പ്രസം​ഗിക്കവെ അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാരിന് ജനങ്ങൾക്ക് ആശ്വാസം നൽകാനാകുമെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പിഎം ശ്രീ വിഷയത്തിൽ സിപിഐയുമായി ഇടഞ്ഞുനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദന്റെ പരാമർശം.

ജനങ്ങൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ കൊടുക്കാനാകുമെന്ന് എം വി ​​ഗോവിന്ദൻ പറഞ്ഞു. അതാണ് നമുക്ക് ചെയ്യാനാകുന്ന ആയുധമായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുഭാഗത്ത് പരിമിതിയുണ്ട്. മറുഭാഗത്ത് അവസരവുമുണ്ട്. അവസരം ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുക. പരിമിതിയുണ്ട് എന്ന് ജനങ്ങളും മനസിലാക്കുക. കൂടുതൽ പറയാൻ പരിമിതിയുണ്ടെന്നും ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. എറണാകുളത്ത് ഗസ്റ്റ് ഹൗസിലെ യോഗത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വെറും അഞ്ച് മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. സിപിഐ മന്ത്രിമാരടക്കമുളളവർ യോഗത്തിന് എത്തിയിരുന്നു. കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി മില്ലുടമകൾ എവിടെ എന്ന് അന്വേഷിച്ചു. അവരെ വിളിച്ചിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥരുടെ യോഗമാണെന്നും പറഞ്ഞതോടെ മില്ലുടമകൾ ഇല്ലാതെ എന്ത് യോഗമെന്ന പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. നാളെ വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം നടത്താമെന്ന് സിപിഐ മന്ത്രിമാരടക്കമുളളവരെ അറിയിച്ചു.

നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് സിപിഐ മന്ത്രിമാരുൾപ്പെട്ട യോഗം വിളിച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽ കേരളം ചേർന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ അറിയിച്ചിരുന്നു. മന്ത്രിമാർക്കുപുറമേ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും ഇന്ന് കൊച്ചിയിൽ യോഗത്തിനെത്തിയിരുന്നു. സിപിഐയോടുളള അതൃപ്തിയാണ് മുഖ്യമന്ത്രി യോഗം വിടാനും മാറ്റിവെക്കാനുമുള്ള കാരണമെന്നാണ് വിവരം.

Related Articles

Back to top button