സമയം ഉച്ചക്ക് 2.30.. മുതുകുളത്ത് രണ്ട് പേർ പാഞ്ഞ് മീൻകടയിൽക്കയറി,..കൈക്കോടാലിയെടുത്ത്..
ഹരിപ്പാട്: മുതുകുളത്ത് പട്ടാപ്പകൽ മീൻ കടക്ക് നേരേ ആക്രമണം. മുതുകുളം ഹൈസ്‌കൂൾ മുക്കിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ് ഹബിനുനേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ കട അടച്ചിട്ടിരിക്കുന്ന സമയത്ത് കാറിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. കൈക്കോടാലിയുമായെത്തിയ ഇയാൾ കടയുടെ രണ്ടു മീൻ തട്ടുകളും വെട്ടിപ്പൊളിച്ചു.
കട നിർമിച്ചിരുന്ന ജിഐ ഷീറ്റിനും നാശം വരുത്തി. പൂട്ടും തല്ലിപ്പൊളിച്ചു. ഓടിയെത്തിയ സമീപത്തെ വ്യാപാരികളെയും അക്രമി അസഭ്യം പറഞ്ഞതായി പരാതിയുണ്ട്. പുതിയവിള സ്വദേശി ഹരികൃഷ്ണനും സുഹൃത്തും ചേർന്നാണ് കട നടത്തുന്നത്. കണ്ടാലറിയാവുന്ന ആളിനെതിരെ കനകക്കുന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ദൃശ്യം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. അക്രമി കൊറ്റുകുളങ്ങര സ്വദേശിയാണെന്നാണ് സൂചന.



