ലബുബു സാത്താനെ മഹത്വവത്കരിക്കുന്നു.. ആരോപണവുമായി മുസ്ലീം പണ്ഡിതര്‍….
ലബുബുവാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ട്രെന്‍ഡിങ്. ആരു കണ്ടാലും ഒന്നു പേടിച്ചുപോകുന്നതാണ് ഈ കൊച്ചു പാവക്കുട്ടികളുടെ രൂപം. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഈ ഇത്തിരിക്കുഞ്ഞന് ലോകമെങ്ങും ആരാധകര്‍ ഏറൊണ്. ചൈനീസ് കളിപ്പാട്ട നിര്‍മാതാക്കളായ പോപ്പ് മാര്‍ട്ടാണ് ലബുബു പാവകള്‍ പുറത്തിറക്കിയത്. കെ പോപ്പ് ആര്‍ട്ടിസ്റ്റായ ലലിസ മനോബാന്‍ തന്റെ ലബുബു കളക്ഷന്‍ പരസ്യപ്പെടുത്തിയതോടെയാണ് ലബുബുവിനോടുള്ള പ്രിയം കൂടിയത്.
എന്നാല്‍ കേരളത്തിലെ ഒരുവിഭാഗം മുസ്ലീം പണ്ഡിതര്‍ ഈ പാവക്കുട്ടികളുടെ അപകടം ചൂണ്ടിക്കാണിക്കുന്നു. പൗരാണികകാലത്തെ പൈശാചിക പ്രതിച്ഛായകളുടെ ആധുനിക പുനരുജ്ജീവനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് ആളുകള്‍ക്കു സാത്താനോടുള്ള അഭിനിവേശമാണ് കാണിക്കുന്നത്. ,മതപണ്ഡിതനായ റഹ്മത്തുള്ള ഖാസിമി പറയുന്നു.
ഇത് കുട്ടിച്ചാത്തന്റെ പുനര്‍ജന്മമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. സുന്ദരമായ മുഖം മൂടി ധരിച്ച ദുഷ്ടാത്മക്കളെ കുറിച്ച് നമുക്ക് അറിയാം. ലബുബു പാവകളുടെ വിചിത്രമായ സവിശേഷതകളായ വീര്‍ത്ത കണ്ണുകള്‍, കുസൃതി നിറഞ്ഞ പുഞ്ചിരി, മൂര്‍ച്ചയേറിയ പല്ലുകള്‍ ഇവയെല്ലാം ഇസ്ലാമിക, കേരള നാടോടി പാരമ്പര്യങ്ങളില്‍ ഉണ്ടായിരുന്ന പ്രേതജീവികളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു
പാവകള്‍ വെറും പാവകളല്ല, ഇവക്ക് പ്രതീകാത്മകമായ ശക്തി ഉണ്ടെന്ന് മതപണ്ഡിതനായ അബ്ദുള്‍ കരീം കോഴിക്കോട് പറഞ്ഞു. ഇവ പൈശാചികമാണെന്നല്ല പറയുന്നത്, അത് എന്ത് പ്രകടമാക്കുന്നുവെന്നതാണ് പ്രധാനം. എന്നാല്‍ ഇതില്‍ നിയമപരമായോ സാംസ്‌കാരികമായോ മതപരമായോ ഒരു നിന്ദയുള്ളതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.