‘മുസ്‌ലിം ലീഗിന്റേത് സ്ഥിരം വർഗീയ കാർഡ്’…. വിദ്വേഷ പ്രചാരണത്തിനെതിരെ ഷാനവാസ് പാദൂർ

കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ തനിക്കെതിരെ വർഗീയ പ്രചാരണവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുകയാണെന്ന് കാസർഗോട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂർ. വികസനം പറയാനില്ലാത്തതിനാലാണ് ലീഗ് വിദ്വേഷ പ്രചാരണം നടത്തുന്നതെന്നും ജനങ്ങൾ ഇത് തള്ളിക്കളയുമെന്നും അദ്ദേഹം പ്രതികരിച്ചു.

ആദ്യം ഡീൽ ആരോപണം ഉന്നയിച്ചു, അത് ഫലിക്കാതെ വന്നതോടെയാണ് ഇപ്പോൾ വർഗീയതയുമായി ഇറങ്ങിയിരിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ലീഗിന്റെ ശ്രമം. വരും ദിവസങ്ങളിലും ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുളേളരിയയിലെ യുഡിഎഫ് കുടുംബയോഗത്തിൽ വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫർസാന തന്നെ ‘കപടവിശ്വാസി’ (മുനാഫിക്) എന്ന് വിളിച്ചതിനെതിരെ ഷാനവാസ് പാദൂർ ശക്തമായി പ്രതികരിച്ചു. വ്യക്തിപരമായി അധിക്ഷേപിച്ച് വോട്ട് നേടാനാണ് ഇവർ ശ്രമിക്കുന്നത്.

ആയിഷത്ത് ഫർസാനയുടെ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ‘മുനാഫിക്’ എന്ന അറബി വാക്ക് ഉപയോഗിച്ച് സ്ഥാനാർത്ഥിയെ മനപ്പൂർവ്വം വ്യക്തിഹത്യ നടത്തി. ഇത് സാമുദായിക ധ്രുവീകരണത്തിനും മതസ്പർദ്ധ വളർത്തുന്നതിനും കാരണമാകും. പെരുമാറ്റച്ചട്ട ലംഘനം നടത്തിയ വനിതാ ലീഗ് നേതാവിനെതിരെ കേസെടുക്കണമെന്ന് ഷാനവാസ് പാദൂരിന്റെ ഇലക്ഷൻ ഏജന്റ് കെ.എ. മുഹമ്മദ് ഹനീഫ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

Related Articles

Back to top button