‘കേരളത്തിൽ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കിൽ പിണറായി മുഖ്യമന്ത്രിയാകും’.. പരിഹസിച്ച് പിഎംഎ സലാം…
ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ്. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തിൽ പങ്കെടുത്തില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പ സംഗമം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്ന ഏർപ്പാടാണ്. സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച ഒരു നാടകമാണിത്. വിഭാഗീയത സൃഷ്ടിച്ച് വർഗീയത കത്തിക്കാനുള്ള നീക്കമാണിത്. സര്‍ക്കാര്‍ ഖജനാവിൽ നിന്ന് പണമെടുത്താണ് ഇതിനെല്ലാം വേണ്ടി ധൂര്‍ത്ത് അടിക്കുന്നത്. അയ്യപ്പ സംഗമം ദയനീയ പരാജയമാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വെള്ളാപ്പള്ളിക്ക് മാത്രമേ വോട്ടുള്ളൂവെങ്കിൽ പിണറായി മുഖ്യമന്ത്രിയാവും. ജനങ്ങൾക്കാകെ വോട്ടുണ്ടെങ്കിൽ പിണറായി എവിടെയെത്തുമെന്ന് കണ്ടറിയാമെന്നും പിഎംഎ സലാം പറഞ്ഞു.യു.ഡി.എഫിൽ നിന്ന് വിരുദ്ധമായ ഒരു നിലപാടും മുസ്ലീം ലീഗിനില്ല. ഞങ്ങൾ നടത്തുന്ന വികസന സദസ് സർക്കാർ വികസന സദസല്ല. സർക്കാർ വികസന സദസിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന സദസാണ് യു.ഡി.എഫ് നടത്തുക. വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുകയാണ്. അങ്ങനെ പറയുന്ന ആളെ ആകാശത്തോളം ഉയർത്തി ശ്രീനാരായണ ഗുരുവിനോളം ഉയർത്തിയാണ് മുഖ്യമന്ത്രി പുകഴ്ത്തുന്നത്.മുഖ്യമന്ത്രി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ആണ് വെള്ളാപ്പള്ളി ഇങ്ങനെ എല്ലാം പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.