പി.വി അൻവറിനെ ഒപ്പം കൂട്ടാൻ ലീഗ്.. തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ തയ്യാർ….

തദ്ദേശ തിരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ യുഡിഎഫിന് വിരോധമില്ലെന്നും പിഎംഎ സലാം പറഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. യുഡിഎഫിനുള്ള വെൽഫെയർ പാർട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ നീക്കം. പ്രാദേശികമായി യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി നീക്ക്പോക്ക് നടത്തുമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


