കള്ള് ഷാപ്പിലേക്ക് വിദേശ മദ്യം വാങ്ങിയെത്തി… മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരനെ തല്ലിക്കൊന്നു..

ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞമ്പാറയിലാണ് സംഭവം. മുണ്ടൂർ പന്നമല എൻ. രമേഷ് (50) ആണ് മരിച്ചത്. ചള്ളപ്പാത എംഷാഹുൽ ഹമീദ് (38) ആണ് ഇയാളെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങിയത് രമേഷ് തടഞ്ഞതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. പ്രദേശവാസികൾ രമേഷിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപനശലയ്ക്ക് സമീപത്തുള്ള കള്ളുഷാപ്പിലെ താത്ക്കാലിക തൊഴിലാളിയാണ് രമേഷ്. ഷാഹുൽ ഹമീദ് വിദേശ മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങിയത് രമേഷ് തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെ നിന്നും പോവുകയും ചെയ്തു. രാത്രി എട്ടരയോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്തുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആന്തരിക രക്ത‌സ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മർദ്ദനത്തെ തുടർന്ന് നിലത്തുവീണ രമേഷിന്റെ നെഞ്ചത്ത് ചവിട്ടിയതായിരിക്കാം രക്തസ്രാവത്തിനു കാരണമെന്നാണ് നിഗമനമെന്ന് ഡോക്‌ടർമാർ പറഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്തു.

Related Articles

Back to top button