അമേരിക്കയിൽ നടന്ന ഇന്ത്യൻ കുടുംബത്തിന്റെ കൊലപാതകം.. വര്‍ഷങ്ങൾക്ക് ശേഷം തെളിവായി ഒരു തുള്ളി രക്തവും ലാപ്ടോപ്പും…

2017-ൽ ഇന്ത്യക്കാരി ശശികല നരയും അവരുടെ ആറ് വയസ്സുള്ള മകൻ അനീഷും കുത്തേറ്റ് മരിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവിൻ്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ് എന്ന ഇന്ത്യൻ പൗരനെതിരെയാണ് അമേരിക്കൻ അധികൃതർ ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുന്നത്. ഹമീദ് കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
എന്നാൽ, ഇയാൾക്ക് ഔദ്യോഗികമായി കമ്പനി നൽകിയ ലാപ്ടോപ്പിൽ നിന്ന് ലഭിച്ച ഡിഎൻഎ സാംപിളാണ് വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടെത്താൻ നിർണായകമായത്. കൊലപാതക കുറ്റം ചുമത്തിയ അധികൃതർ, വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 2017 മാർച്ച് 23 ന് ഹനു നര വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ശശികല നരയെയും മകൻ അനീഷിനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തങ്ങളെ ആക്രമിച്ചയാളെ ചെറുക്കാൻ ശ്രമിച്ചതിൻ്റെ മുറിവുകൾ ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി രക്തക്കറ സാംപിളുകൾ ശേഖരിച്ചിരുന്നു. ഇരകളുടെയോ ഹനു നരയുടെയോ അല്ലാത്ത ഒരൊറ്റ രക്തത്തുള്ളി കണ്ടെത്തിയത് കേസിൽ ദുരൂഹതയായി തുടർന്നു.
കൊലപാതകത്തിനു ശേഷം ആറുമാസത്തിനകം ഇന്ത്യയിലേക്ക് മടങ്ങിയ ഹമീദ് സാങ്കേതികവിദ്യയിലുള്ള തൻ്റെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി അധികൃതർ കരുതുന്നു. വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ, 2024-ൽ അമേരിക്കൻ അധികൃതർ കോടതി ഉത്തരവോടെ ഹമീദിൻ്റെ ഔദ്യോഗിക ലാപ്ടോപ്പ് കമ്പനിയിൽ നിന്ന് ആവശ്യപ്പെട്ടു. ഹമീദ് ഡി.എൻ.എ. സാംപിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഈ നീക്കം.
ലാപ്ടോപ്പിൽ നിന്ന് ശേഖരിച്ച ഡി എൻ.എ. സാംപിൾ, കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച അജ്ഞാത രക്തത്തുള്ളിയുടെ ഡി.എൻ.എ.യുമായി കൃത്യമായി പൊരുത്തപ്പെട്ടു. ഇതോടെ എട്ടു വർഷമായി ദുരൂഹമായിരുന്ന കേസിൽ വഴിത്തിരിവുണ്ടായി. ഹനു നരയോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നിരിക്കാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. നിലവിൽ, ഹമീദിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികളുമായി അന്വേഷണ ഉദ്യോഗസ്ഥർ മുന്നോട്ട് പോവുകയാണെന്നും യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



