ഒരു വയസുകാരന്റെ കൊലപാതകം…കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്…

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെതിരെ കൂടുതൽ പരാതികൾ. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന് ഭാര്യ കൃഷ്ണപ്രിയയുടെ അമ്മ നെയ്യാറ്റിൻകര പൊലീസിൽ മൊഴി നൽകി. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമുണ്ടെന്ന് ഷിജിൽ പലരോടും പറഞ്ഞതായും മൊഴിയിൽ പറയുന്നു.
കൃഷ്ണപ്രിയയെ സ്വന്തം വീട്ടിൽപോലും പോകാൻ അനുവദിക്കാറില്ലായിരുന്നു. ഷിജിലും കൃഷ്ണപ്രിയയുമായുണ്ടായത് സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കമായിരുന്നുവെന്നും കൃഷ്ണപ്രിയയുടെ അമ്മ പ്രഭ നെയ്യാറ്റിൻകര പൊലീസിന് മൊഴി നൽകി.ഇരുവരും തമ്മിൽ ഒരുമാസത്തോളം അകന്നുകഴിഞ്ഞിരുന്നു.
പിന്നീട് ഒരാഴ്ച മുൻപാണ് ഇവർ ഒന്നിച്ച് താമസിച്ചുതുടങ്ങിയത്. അതിന്ശേഷമായിരുന്നു കുഞ്ഞിന്റെ കൊലപാതകം. കൊലപാതകത്തിന് പുറമെ ഗാർഹികപീഡനം ഉൾപ്പടെയുള്ള മറ്റുചില വകുപ്പുകൾ കൂടി ചുമത്താനാണ് പൊലീസിന്റെ നീക്കം.


