കാമുകനുമായി ബന്ധം തുടരണം.. ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണത്തില്‍ ഗുളിക കലർത്തി യുവതി……

കാമുകനുമായുളള ബന്ധം തുടരാനായി ഭര്‍ത്താവിനും മക്കള്‍ക്കും ഭര്‍തൃമാതാവിനും ഭക്ഷണത്തില്‍ ഗുളിക കലര്‍ത്തി നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. ബേലൂര്‍ താലൂക്കിലെ കെരളൂരു ഗ്രാമത്തില്‍ നിന്നുളള ചൈത്ര എന്ന യുവതിയാണ് അറസ്റ്റിലായത്. 11 വര്‍ഷം മുന്‍പാണ് ഗജേന്ദ്രയുമായി ചൈത്രയുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും എട്ടും പത്തും വയസുളള രണ്ട് മക്കളുണ്ട്.

ചൈത്രയ്ക്ക് നേരത്തെ ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നു. നാട്ടിലെ മുതിര്‍ന്നവരും ബന്ധുക്കളും ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ ശിവു എന്ന മറ്റൊരു പുരുഷനുമായി ബന്ധത്തിലായി.തൻ്റെ ഈ പ്രണയബന്ധത്തിന് കുടുംബം തടസമാകുമെന്ന് ഭയന്നാണ് യുവതി അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും കുട്ടികളും കഴിച്ച ഭക്ഷണത്തിനും കാപ്പിയിലുമാണ് ഇവര്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച ഭര്‍ത്താവിനും കുട്ടികള്‍ക്കും കടുത്ത വയറുവേദനയുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു സംശയിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ ഗജേന്ദ്ര ബേലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചൈത്ര മനഃപൂർവ്വം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണ് എന്ന് തെളിഞ്ഞു.

Related Articles

Back to top button