മുക്കത്തെ പീഡനശ്രമം.. ഹോട്ടലുടമയ്‌ക്കെതിരെ കൂടുതല്‍ തെളിവുകൾ പുറത്ത്.. വാട്സ്ആപ് സന്ദേശങ്ങളിൽ പറയുന്നത്….
മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍ നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. ഈ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്.
വാട്സ് ആപ്പിലുടെയാണ് ദേവദാസ് യുവതിയോട് ആദ്യം മോശമായി പെരുമാറിയത്. ഇതോടെ ഹോട്ടലിലെ ജോലി അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍, ഇനി ഇങ്ങനെ പെരുമാറില്ലെന്ന് പറഞ്ഞതോടെ യുവതി ജോലിയില്‍ തുടരുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കുന്നതാണ് കുടുംബം പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍. ഇതിനും പിന്നാലെയാണ് പ്രതി യുവതി താമസിക്കുന്ന സ്ഥലത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും കുടുംബം പറയുന്നു.പീഡനശ്രമം ചെറുക്കുന്നതിനിടെ താമസിക്കുന്ന വീടിന്റെ ഒന്നാംനിലയില്‍നിന്ന് ചാടിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.