ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍.. പ്രതികരണവുമായി മന്ത്രി റിയാസ്…

ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലേക്ക് വന്നതില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ അവരുടെ വരവ് തടയുമായിരുന്നെന്നും ബിജെപിയുള്‍പ്പെടെയുളള പ്രതിപക്ഷം ബോധപൂര്‍വം വിവാദം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

‘കാലങ്ങളായി ടൂറിസത്തില്‍ മാര്‍ക്കറ്റിംഗ് രീതികള്‍ എങ്ങനെയാണോ അതുതന്നെയാണ് ഞാന്‍ മന്ത്രിയായപ്പോഴും തുടര്‍ന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുളള ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കൊണ്ടുവന്ന് അവരുടെ പ്രദേശത്തും ലോകത്തിനും കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടുത്താനാണ്. ഇവരെ തെരഞ്ഞെടുക്കുന്നത് എംപാനല്‍ഡ് ഏജന്‍സികളാണ്. അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ല. ബോധപൂര്‍വം വിവാദം സൃഷ്ടിക്കുകയാണ്. ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് ജനുവരിയിലാണ്. പിന്നീടാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇവര്‍ അപകടകാരിയാണെന്ന വിവരം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ജനുവരിയില്‍ ഒരുപാട് വ്‌ളോഗര്‍മാര്‍ വന്നു. ഈ വ്‌ളോഗര്‍മാരുടെ സ്വഭാവമെന്താണ് ഭാവിയില്‍ ഇവര്‍ എന്താവും എന്ന് വിദൂരകാഴ്ച്ചയോടെ കാണാന്‍ നമുക്കാവില്ല. ജ്യോതി മല്‍ഹോത്ര വേറെയും പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. കുംഭമേളയ്ക്ക് പോയിട്ടുണ്ട്. ബിജെപിക്ക് യോഗി ആദിത്യനാഥിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പറയാന്‍ തോന്നുന്നുണ്ടോ? മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരും ടൂറിസം മന്ത്രിയും ഉത്തരവാദികളാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ? ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതുകൊണ്ട് ദോഷമുണ്ടാകുന്നത് കേരളത്തിന്റെ ടൂറിസത്തിനാണ്. ഇത്തരം വിവാദങ്ങള്‍ ടൂറിസത്തിന് ഗുണകരമല്ല. ബോധപൂര്‍വം കുപ്രചരണം നടത്തുകയാണ്. ജനങ്ങള്‍ മനസിലാക്കേണ്ട കാര്യമാണത്’- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Back to top button