‘മാനദണ്ഡങ്ങൾക്ക് മീതെ പിണറായി വിജയൻ വരച്ച വരയിൽ നമ്മളെല്ലാം ദാരിദ്ര്യത്തിന് പുറത്തായി’..

സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ വിമർശനവുമായി എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. കേന്ദ്രസർക്കാരിന്റെയും ഐക്യരാഷ്ട്രസഭയുടെയും മാനദണ്ഡങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് നജാഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെ കേരളം ഭരിച്ചവരുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒറ്റവെട്ടിന് സഖാവ് പിണറായി ദരിദ്ര്യം മാറ്റിയെന്ന് വിശ്വസിക്കുന്നവരുടെ പേരാണ് സഖാക്കൾ എന്നും നജാഫ് പറഞ്ഞു.
കേരളപ്പിറവി ദിനമായ ഇന്നലെയായിരുന്നു കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരമായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിആര്‍ ആണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്നും കേരളം പുറത്താകാന്‍ ഇടയാക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.



