‘ഇന്ന് ഞാനൊരു ചിരി കണ്ടു, മനോഹരമായ ചിരി’.. ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനവുമായി എംഎസ്എഫ്…
ഹിജാബ് വിവാദത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് എംഎസ്എഫ് നേതാവ്. എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം ആണ് വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനം രേഖപ്പെടുത്തിയത് . ഭരണഘടനാ മൗലിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് അഡ്വ. സജല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമായിരുന്നു സജലിന്റെ പ്രതികരണം.
‘ഇന്ന് ഞാനൊരു ചിരി കണ്ടു. വളരെ മനോഹരമായ ചിരി. ഏകതയും തുല്യതയും സാരേ ജഹാം സേ അച്ചാ ഉദ്ധരിച്ചുകൊണ്ടുളള ചിരി. ആ ചിരിക്കും ചിരിച്ചയാളുടെ വസ്ത്രത്തിനും ഒരേ നിറമായിരുന്നു. അവള്‍ മിടുക്കിയാണ്. ഭരണഘടന അവള്‍ക്ക് അനുവദിച്ച് നല്‍കിയ അവകാശത്തിനായി ശബ്ദമുയര്‍ത്തി. അവള്‍ പറയും ഞാനായിരുന്നു ശരി. കാരണം, ഞാന്‍ എന്തിനുവേണ്ടിയാണോ സംസാരിച്ചത്, അതേ അവകാശം അനുഭവിച്ചുകൊണ്ടാണ് അവള്‍ക്കെതിരെ അവര്‍ ചിരിച്ചത്. അവള്‍ തന്നെയാണ് ശരി’: അഡ്വ. സജല്‍ ഫേസ്ബുക്കില്‍ കുറിച്ചു.