ലൈസൻസിനു പ്രൊബേഷൻ പീരീഡ് വരുന്നു….വണ്ടി ഓടിക്കാൻ ഇനി കുറച്ചു വിയർക്കും….മാറ്റങ്ങൾ …..
എച്ചും എട്ടും എടുത്തു ടെസ്റ്റ് ജയിച്ചാലുടൻ ലൈസൻസ് കൊടുക്കുന്ന രീതിക്ക് മാറ്റം വരുത്താനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. ഇനി മുതൽ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ കാലയളവില്‍ പ്രൊബേഷണറി ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന. ഇത് നിരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നതാണ്. ഇക്കാലയളവില്‍ അപകടരഹിതമായ ഡ്രൈവിംഗ് നടത്തിയാൽ മാത്രമേ ലൈസന്‍സ് നല്‍കൂ. ഡ്രൈവർക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ലക്ഷ്യമിടുന്നത്.
ഇതേ മാതൃകയിൽ പ്രൊബേഷണറി ലൈസന്‍സ് നല്കുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്. അപകടരഹിത യാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിങ് സംസ്കാരം രൂപപ്പെടുത്തലാണ് ലക്ഷ്യമിടുന്നതെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
ലേണേഴ്സ് എളുപ്പമാവില്ല, നെഗറ്റീവ് മാര്‍ക്ക് വരും
ലേണേഴ്സ് പരീക്ഷ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നെഗറ്റീവ് മാർക്ക് ഉൾപ്പെടുത്തും. ഡ്രൈവിങ്ങിലെ പ്രായോഗിക പരിജ്ഞാനം സംബന്ധിച്ച ചോദ്യങ്ങളുടെ എണ്ണം കൂട്ടും. ഇതു മൂന്നു മാസത്തിനകം നടപ്പാക്കും. ട്രാക്ക്, റോഡ് ഡ്രൈവിങ് പരീക്ഷാ സംവിധാനം അക്രെഡിറ്റഡ് ഡ്രൈവിങ് സ്കൂളുകള്‍ വരുന്നതോടെ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. എച്ച്, എട്ട് എന്നിവ ഒഴിവാക്കി സംസ്ഥാനത്തെ റോഡുകളിലെ യഥാര്‍ഥ സാഹചര്യങ്ങള്‍ നേരിടുന്ന രീതിയിലാകും ട്രാക്ക് ടെസ്റ്റ് നടത്തുകയെന്ന് കമ്മിഷണര്‍ പറഞ്ഞു. ലൈസന്‍സ് കിട്ടിയാലുടന്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ വാഹനങ്ങൾ ഓടിച്ചു അപകടമുണ്ടാക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ആലപ്പുഴയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ചത് അഞ്ചുമാസം മുന്‍പ് ലൈസന്‍സ് കിട്ടിയ വിദ്യാര്‍ഥിയായിരുന്നു. പരിചയക്കുറവ് അപകടകാരണങ്ങളിലൊന്നായി കണ്ടെത്തിയിരുന്നു.