ചോറ്റാനിക്കര പീഡനം…എതിർപ്പ് മറികടന്ന് ആൺസുഹൃത്ത് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ…

തന്റെ എതിർപ്പ് മറികടന്ന് മകളുടെ ആൺസുഹൃത്ത് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് താൻ താമസം മാറിയതെന്നും അവർ പറഞ്ഞു. മകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിൽ ഗുരുതര പരിക്കുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.

പ്രതി വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി കൊടുത്തിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയത് അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.

മറ്റൊരു ബന്ധുവും വാർഡ് മെമ്പറും അറിയിച്ചിട്ടാണ് വീട്ടിലേക്ക് പോയത്. കട്ടിലിന് താഴെ കിടക്കുന്ന നിലയിലായിരുന്നു കുട്ടി. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും ബന്ധു പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ടായിരുന്നു. കയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായുള്ള സംശയം പൊലീസിന് നേരത്തെയുണ്ടായിരുന്നു.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. 

Related Articles

Back to top button